ട്രംപിനെതിരേ വീണ്ടും ക്രിമിനൽക്കുറ്റം
Saturday, June 10, 2023 12:14 AM IST
മയാമി: അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വീണ്ടും ക്രിമിനൽ കുറ്റം. അധികാരമൊഴിഞ്ഞ ശേഷവും രഹസ്യരേഖകൾ സ്വവസതിയിൽ സൂക്ഷിച്ചുവെന്ന കേസിലാണിത്. നിയമവിരുദ്ധമായി രഹസ്യരേഖകൾ സൂക്ഷിക്കൽ, ഗൂഢാലോചന, വ്യാജപ്രസ്താവന എന്നിവ അടക്കം ഏഴു കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച ട്രംപ് ഫ്ലോറിഡയിലെ മയാമിയിലുള്ള ഫെഡറൽ കോടതിയിൽ നേരിട്ടു ഹാജരാകും. അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു റിപ്പോർട്ടുകൾ. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ട്രംപിനു ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും. അതേസമയം, 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിനു വിലക്കുണ്ടാവില്ല.
ട്രംപിന്റെ ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ട് വസതിയിൽ എഫ്ബിഐ ഉദ്യോഗസ്ഥർ 2022ൽ നടത്തിയ റെയ്ഡിൽ 11,000 സർക്കാർ രേഖകൾ കണ്ടെത്തിയിരുന്നു. നൂറെണ്ണം രഹസ്യരേഖകളായിരുന്നു. 2021 ജനുവരിയിൽ അധികാരമൊഴിഞ്ഞശേഷവും വസതിയിൽ രഹസ്യരേഖകൾ സൂക്ഷിച്ചുവെന്നു ട്രംപ് പറയുന്നതിന്റെ ഓഡിയോ അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ട്രംപിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ച് കോടതി സമൻസിൽ വിശദീകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ചാരവൃത്തി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണു കുറ്റങ്ങൾ. താൻ നിരപരാധിയാണെന്നു ട്രംപ് പ്രതികരിച്ചു.
നീലച്ചിത്രനടിക്കു പണം നല്കിയതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ച കേസിൽ ന്യൂയോർക്ക് കോടതി ഏപ്രിലിൽ ട്രംപിനെതിരേ 34 കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു.
അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ നേരിടാനൊരുങ്ങുന്ന ട്രംപിന് മുൻതൂക്കമുണ്ടെന്നാണു സൂചനകൾ.