ഇറാക്കിൽ വിവാഹഹാളിൽ തീപിടിത്തം; 114 പേർ മരിച്ചു, 150 പേർക്കു പരിക്ക്
Thursday, September 28, 2023 1:59 AM IST
മൊസൂൾ: വടക്കൻ ഇറാക്കിലെ ക്രിസ്ത്യൻ വിവാഹസത്കാരം നടന്ന ഹാളിലുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്.
നിനവേ പ്രവിശ്യയിലെ ഹംദാനിയ മേഖലയിലാണ് അപകടമുണ്ടായത്. മൊസൂൽ നഗരത്തിനു സമീപമാണ് ഈ പ്രദേശം. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശമാണിത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 30 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞനിലയിലാണ്.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി ഉത്തരവിട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഹാളിനു വെളിയിൽ നടന്ന വെടിക്കെട്ട് തീപിടിത്തത്തിനു കാരണമായേക്കാമെന്നു കുർദിഷ് വാർത്താ ചാനലായ റുഡാവ് റിപ്പോർട്ട് ചെയ്തു. പെട്ടെന്നു തീപിടിക്കുന്ന ആവരണം ഉപയോഗിച്ച് വിവാഹഹാൾ അലങ്കരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. വധൂവരന്മാർ നൃത്തം ആരംഭിച്ചയുടനെയാണ് തീപിടിത്തമുണ്ടായത്. ഉടൻതന്നെ പ്ലാസ്റ്റിക്കുകൊണ്ടുള്ള അലങ്കാരങ്ങൾക്കു തീപിടിച്ചു. തുടർന്ന് സീലിംഗ് തകർന്നുവീണു. തീപിടിത്തത്തെത്തുടർന്ന് ഹാളിന്റെ ഒരു ഭാഗം തകർന്നുവീണു.
ഇറാക്കിൽ ഒന്നര ലക്ഷം ക്രൈസ്തവരാണ് അവശേഷിച്ചിട്ടുള്ളത്. 2003ൽ ക്രൈസ്തവരുടെ സംഖ്യ 15 ലക്ഷമായിരുന്നു. നിനവേ സമതലത്തിൽ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആക്രമണം ആരംഭിച്ചതോടെ നിരവധി ക്രൈസ്തവർ യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്കു പലായനം ചെയ്തു.