സിംഗപ്പുരിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
Wednesday, July 17, 2024 1:20 AM IST
സിംഗപ്പുർ: സിംഗപ്പുരിലെ സീറോമലബാർ സഭാ വിശ്വാസികൾ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് മെൽബൺ സീറോമലബാർ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
തലമുറകൾ തോറും പകർന്നുകൊടുക്കേണ്ട വെളിച്ചമാണ് വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന വിശ്വാസമെന്നും ആ വിശ്വാസം വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലും ജീവിതരീതികളിലും അഭംഗുരം കാത്തുപരിപാലിക്കേണ്ടത് ഓരോ സീറോമലബാർ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും മാർ ജോൺ പനംതോട്ടത്തിൽ വചനസന്ദേശത്തിൽ പറഞ്ഞു.
സിംഗപ്പുർ സീറോമലബാർ പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. മേജോ മരോട്ടിക്കൽ, അസോസിയേറ്റ് കോ-ഓർഡിനേറ്റർ ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം സഭാ ദിനാഘോഷപരിപാടികൾ നടന്നു. വിവിധ കലാപരിപാടികളും മത്സരങ്ങളും തിരുനാൾ ഊട്ട് നേർച്ചയും ഉണ്ടായിരുന്നു. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി ജോർജ് സിറിയക്കിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ടോണിയ ഫിലിപ്പ്, മനോജ് പൊന്നാട്ട്, ടോണി ഡൊമിനിക് വട്ടക്കുഴി, സുനിൽ തോമസ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും നേതൃത്വം നൽകി. തിരുനാളിന്റെ തലേദിവസം നടന്ന ആറു കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപന സ്വീകരണത്തിനും മാർ ജോൺ പനംതോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.