സിറിയയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
Wednesday, December 11, 2024 12:18 AM IST
ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രേലി സേന. തലസ്ഥാനമായ ഡമാസ്കസിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ബഷാർ അൽ-അസദ് അധികാരഭ്രഷ്ടനായ ശേഷം ഇസ്രയേൽ മുന്നൂറിലധികം വ്യോമാക്രമണം നടത്തിയെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.
ഡമാസ്കസിന് 25 കിലോമീറ്റർ അകലെവരെ ഇസ്രേലി സേന പ്രവേശിച്ചെന്നും ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന അറിയിച്ചു. എന്നാൽ, ബഫർ സോണിലാണ് സേനയുള്ളതെന്ന് ഇസ്രേലി സൈനിക വക്താവ് അറിയിച്ചു.
ഈജിപ്റ്റ്, ജോർദാൻ, സൗദി അറേബ്യ, ഇറാൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. രാസായുധങ്ങളും മറ്റ് ആയുധങ്ങളും വിമത തീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനാണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്.
ഹയാത് താഹിർ അൽ -ഷാം(എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ -ബഷീറിനെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ഇദ്ലിബ് പ്രവിശ്യയിലെ എച്ച്ടിഎസ് സർക്കാരിനു നേതൃത്വം നല്കിയ ആളാണ് ബഷീർ.
മാർച്ച് ഒന്നു വരെ താൻ സ്ഥാനത്തു തുടരുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബഷീർ പറഞ്ഞു. സർക്കാർ ജീവനക്കാരോടും ആരോഗ്യ പ്രവർത്തകരോടും ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
അസദ് ഭരണത്തിനു പുറത്തായതിനു പിന്നാലെ നിരവധി സർക്കാർ ജീവനക്കാർ ഒളിച്ചോടിയിരുന്നു. ഡമാസ്കസ് ഇന്നലെ സാധാരണനിലയിലായി. സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിച്ചു.
പൗരാണികമായ ഹമിദിയോ മാർക്കറ്റിലെ കടകൾ തുറന്നു. രാജ്യത്തെ 1.6 കോടി ജനങ്ങൾക്ക് അടിയന്തര സഹായം ആവശ്യമാണെന്നു യുഎൻ അറിയിച്ചു.
അസദ് ഭരണം അവസാനിച്ചതോടെ യൂറോപ്യൻ യൂണിയൻ ഇനി സിറിയൻ അഭയാർഥികളെ സ്വീകരിക്കില്ലെന്നാണു റിപ്പോർട്ട്.
സിറിയൻ ഭരണകൂടം കൊലപ്പെടുത്തിയ 40 രാഷ്ട്രീയതടവുകാരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയെന്നും വിമതസേന അറിയിച്ചു.