കോൺക്ലേവിന് പ്രാർഥനാസഹായം തേടി കർദിനാൾസംഘം
Thursday, May 1, 2025 2:52 AM IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് കർദിനാൾ സംഘം അഭ്യർഥിച്ചു.
കർദിനാൾമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് സമ്മേളനമാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർഥനാസഹായം തേടിയത്.
ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെത്തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും കർദിനാൾസംഘത്തിന്റെ സമ്മേളനത്തിനുശേഷം വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്നലെ നടന്ന കർദിനാൾമാരുടെ യോഗം വത്തിക്കാനിലെ നിലവിലെ സാന്പത്തികസ്ഥിതി ചർച്ച ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ ലെയണാർദോ സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു.
പങ്കെടുക്കുന്നവരിൽ സന്യസ്തരായ 33 കര്‍ദിനാൾമാരും
വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നുള്ള 33 കർദിനാൾമാരും. 18 വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍നിന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്ത്തപ്പെട്ടവരാണിവർ. ഏറ്റവുമധികം പേരുള്ളത് സലേഷ്യന്‍ സന്യാസ സമൂഹത്തില്‍നിന്നാണ് - അഞ്ചുപേർ.
നാലുപേര്‍ ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ എന്ന സമൂഹത്തില്നിന്നുള്ളവരാണ്. ഫ്രാന്‍സിസ് മാർപാപ്പ അംഗമായിരുന്ന ഈശോസഭ, ഫ്രാൻസിസ്കൻ സഭ എന്നീ സമൂഹങ്ങളിൽനിന്നുള്ള നാലുപേർ വീതവും ഡൊമിനിക്കൻ സഭ, റിഡംപ്റ്ററിസ്റ്റ് സഭ, ഡിവൈൻ വേഡ് മിഷനറി സഭ എന്നീ സമൂഹങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും കോണ്‍ക്ലേവിന്റെ ഭാഗമാകും.