ഗാസ പള്ളി ആക്രമണത്തിൽ അഗാധ ദുഃഖത്തോടെ മാർപാപ്പ
Monday, July 21, 2025 12:45 AM IST
റോം: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ആഗാധ ദുഃഖം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കാടൻയുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും കസ്തേൽ ഗണ്ടോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിനു മുന്നിൽ ത്രികാലജപ പ്രാർഥന ചൊല്ലി നല്കിയ സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഇസ്രേലി സേന ഗാസയിലെ ഹോളി ഫാമിലി പള്ളിയിൽ നടത്തിയ ആക്രമണത്തിൽ മൂന്നു പേരാണു കൊല്ലപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
കൊല്ലപ്പെട്ട സാദ് ഈസ കൊസ്റ്റാൻഡി സലാമെ, ഫൗമിയ ഈസാ ലത്തീഫ് അയ്യാദ്, നജ്വ ഇബ്രാഹിം ലത്തീഫ് അബു ദാവൂദ് എന്നിവരുടെ പേരുകൾ മാർപാപ്പ ഉച്ചരിച്ചു. വിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്ന പശ്ചിമേഷ്യാ ക്രൈസ്തവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഗാസയിലെ സാധാരണ ജനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേർക്കുണ്ടാകുന്ന ആക്രമണങ്ങളിലൊന്നു മാത്രമാണ് ഹോളി ഫാമിലി പള്ളിയിലേതെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
ഗാസയിൽ സമാധാന പരിഹാരം കണ്ടെത്തണം. സിവിലിയൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹത്തിനുണ്ട്. വിവേചനമില്ലാതെ ജനങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങളെ നിർബന്ധിച്ച് അഭയാർഥികളാക്കുന്നതു നിർത്തണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചപ്പോൾ, ഗാസ ജനത നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടുകയും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മാർപാപ്പ നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.