ചരിത്രം പറയുന്നു, ഇതൊരു തുടക്കം മാത്രം
Monday, September 23, 2019 11:31 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഉത്തേജക പദ്ധതി കന്പോളങ്ങൾ ഇന്നലെയും ആഘോഷമാക്കി. തുടർച്ചയായ രണ്ടാം ദിനവും സെൻസെക്സ് ആയിരത്തിനു മുകളിൽ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചയും ഇന്നലെയുമായി ബോംബെ ഓഹരിസൂചിക സെൻസെക്സ് നേടിയത് 2,996.56 (8.30 ശതമാനം) പോയിന്റ് ഉയർച്ച.
സെൻസെക്സും നിഫ്റ്റിയും ഈ വർഷം 11 ശതമാനം വളർച്ച നേടുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. സൂചികകളുടെ നിലവിലെ പ്രകടനം കണക്കിലെടുത്താൽ 11 ശതമാനം വളർച്ച അനായാസം നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
വെള്ളിയാഴ്ച 1,921.15 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് ഇന്നലെ 1,075.41 പോയിന്റ് ഉയർന്നു. വ്യാപാരം അവസാനിച്ചപ്പോൾ സൂചിക 39,090.03ലാണ്. നിഫ്റ്റിയാകട്ടെ 326 പോയിന്റ് നേട്ടത്തോടെ 11,600.20ൽ ക്ലോസ് ചെയ്തു.
ഇന്നലെ വ്യാപാരം അവസാനിക്കാൻ പത്തു മിനിറ്റ് അവശേഷിക്കേ പതിനഞ്ചു മിനിറ്റോളം എൻഎസ്ഇയുടെ പ്രവർത്തനത്തിൽ സാങ്കേതിക തകരാറുണ്ടായി.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ആക്സിസ് ബാങ്ക്, കോട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ട്വിൻസ്, മാരുതി, എസ്ബിഐ ഓഹരികൾ 8.70 ശതമാനം വരെ ഉയർന്നു. അതേസമയം, ടെക്, ടെലികോം ഓഹരികളിൽ കരടിയുടെ വിളയാട്ടം തുടർന്നു.