രാജ്യത്തു തൊഴിലില്ലായ്മ ഗുരുതര നിലയിൽ
Tuesday, April 7, 2020 11:59 PM IST
മുംബൈ: രാജ്യത്തു തൊഴിലില്ലായ്മ നിരക്ക് 23 ശതമാനമായെന്നു സാന്പത്തിക ഗവേഷണ സ്ഥാപനം. സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)യുടെ മാർച്ച് ഒടുവിലെ സർവേയിലെ നിഗമനമാണിത്. കോവിഡും ലോക്ക് ഡൗണും കൂടിയാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത്.
മാർച്ച് ആദ്യം മുതലേ തൊഴിലില്ലായ്മ അതിവേഗം വർധിക്കുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് അവസാന ആഴ്ചയിൽ അത് ഭീകരമായി. നഗരമേഖലയിലെ തൊഴിലില്ലായ്മ 31 ശതമാനത്തിൽ എത്തിയതായും സിഎംഐഇ പറഞ്ഞു.
മാർച്ച് ആദ്യ ആഴ്ചയിൽ 8.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 43 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അവസാന ആഴ്ച ആയപ്പോൾ തൊഴിലില്ലായ്മ 23.8 ശതമാനമായി.ഫെബ്രുവരിയിൽ 7.78 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.