ഊർജമേഖലയിൽ 75,000 കോടിയുടെ നിക്ഷേപം നടത്താൻ റിലയൻസ്
Thursday, June 24, 2021 11:03 PM IST
മുംബൈ: രാജ്യത്തെ ഊർജമേഖലയിൽ വരുന്ന മൂന്നു വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി. സൗരോർജ സെല്ലുകൾ, ഹൈഡ്രജൻ, ബാറ്ററികൾ തുടങ്ങിയവയുടെ നിർമാണത്തിനായി നാലു വന്പൻ ഫാക്ടറികൾ രാജ്യത്ത് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഐഎല്ലിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അംബാനി.
ധീരുഭായി അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്സ് സ്ഥാപിക്കും. 100 ജിഗാ വാട്ട് ശേഷിയുള്ള സൗരോർജ സംവിധാനവും രാജ്യത്ത് നടപ്പാക്കും. ഫോസിൽ ഇന്ധനങ്ങളുടെ കാലം അവസാനിക്കുകയാണ്. അവയെ ഇനിയും കൂടുതലായി ആശ്രയിക്കാനാകില്ല. റിലയൻസിന്റെ പദ്ധതികളിലൂടെ ഇന്ത്യ ആഗോളതലത്തിൽ പ്രകൃതി സൗഹാർദ ഊർജരംഗത്ത് നേതൃനിരയിലേക്കു വരും. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ റിലയൻസ് റീട്ടെയ്ൽ മൂന്നു മടങ്ങ് വളരും. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ റിലയൻസ് റീട്ടെയ്ൽ 10 ലക്ഷത്തിലധികം ആളുകൾക്കു തൊഴിലവസരം നൽകുമെന്നും അംബാനി പറഞ്ഞു.
അരാംകോ മേധാവി റിലയൻസിൽ ഡയറക്ടറാകും
റിലയൻസ് ഒ2സി ലിമിറ്റഡിൽ സൗദി അരാംകോ പങ്കാളിയാകുമെന്നു മുകേഷ് അംബാനി. ഇതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ ഈ വർഷംതന്നെ പൂർത്തിയാകും. സൗദി അരാംകോ ചെയർമാൻ യാസിർ ഉത്മാൻ അൽ റുമയ്യൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറാകുമെന്നും അംബാനി അറിയിച്ചു. 2019 ൽ നടന്ന ജനറൽ മീറ്റിംഗിൽ റിലയൻസിന്റെ 20 ശതമാനം ഓഹരികൾ അരാംകോ സ്വന്തമാക്കുമെന്ന് അംബാനി പ്രഖ്യാപിച്ചിരുന്നു.
5ജി മുന്നോട്ട്
തങ്ങൾ തദ്ദേശീയമായി നിർമിച്ച 5ജി സാങ്കേതിവിദ്യയുടെ ട്രയലിനുള്ള സ്പെക്ട്രം ലഭിച്ചിട്ടുണ്ടെന്നും ട്രയൽ വിജയകരമായി മുന്നോട്ടു പോവുകയാണെന്നും അംബാനി അറിയിച്ചു. പൂർണതോതിലുള്ള 5ജി സേവനം രാജ്യത്ത് ആദ്യമായി പ്രഖ്യാപിക്കുക റിലയൻസ് ആയിരിക്കും. ജിയോ 5ജി സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ ഒരു സെക്കൻഡിൽ ഒരു ജിബിയിലേറെ വേഗം കൈവരിക്കാനായി. ട്രയൽ സൈറ്റുകളിലും കന്പനിയുടെ ഡാറ്റാ സെന്ററുകളിലും ജിയോ 5ജി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുകയാണെന്നും അംബാനി അറിയിച്ചു. ഗൂഗിളിന്റെ ക്ലൗഡ് സാങ്കേതിക വിദ്യയാണ് ജിയോ 5ജി ശൃംഖലയ്ക്കും സേവനങ്ങൾക്കുമായി ഉപയോഗിക്കുന്നത്.