പുതിയ ഇ-കൊമേഴ്സ് നയം: കേന്ദ്ര സർക്കാരിനുള്ളിലും ഭിന്നത
Tuesday, September 21, 2021 11:35 PM IST
മുംബൈ: രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തിനു കടിഞ്ഞാണിടാൻ നടപ്പാക്കുന്ന പുതിയ നിയമപരിഷ്കാരങ്ങളെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ളിലും ഭിന്നത.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ ജൂണിൽ അവതരിപ്പിച്ച പുതിയ ഇ-കൊമേഴ്സ് നയത്തിന്റെ കരട് വ്യവസ്ഥകളിൽ പലതും അനാവശ്യവും രാജ്യത്തെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്നതുമാണെന്ന വിമർശനവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയവും നിതി ആയോഗും ഉൾപ്പെടെയുള്ള വിഭാഗങ്ങളാണു രംഗത്തെത്തിയിരിക്കുന്നത്.
വലിയ സാധ്യതയുള്ള മേഖലയാണ് ഇ-കൊമേഴ്സ് രംഗമെന്നും അതിന്മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു രാജ്യത്തെ ബിസിനസ് സൗഹാർദ അന്തരീക്ഷംപോലും മോശമാക്കുമെന്നും ധനകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. നിശ്ചിത സമയപരിധിയിൽ സാമഗ്രികളുടെ വില കുറച്ചു വിൽക്കുന്ന ഫ്ലാഷ് സെയിലുകൾക്കു നിരോധനം ഏർപ്പെടുത്തുന്നതിനെയും ധനമന്ത്രാലയം എതിർക്കുന്നതായാണു റിപ്പോർട്ടുകളിൽ പറയുന്നത്.
രാജ്യത്തെ ചെറുകിട സംരംഭങ്ങളെ ദോഷകരമായി ബാധിക്കുന്ന പല ചട്ടങ്ങളും പുതിയ നയത്തിലുണ്ടെന്നാണ് നിതി ആയോഗിന്റെ നിലപാട്. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് ഘടക വിരുദ്ധമായിട്ടുള്ള നിർദേശങ്ങളും പുതിയ ചട്ടങ്ങളിലുള്ളതായി നിതി ആയോഗ് ഉപഭോക്തൃകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
പുതിയ നയത്തിലെ, ഇ-കൊമേഴ്സ് കന്പനികൾ തങ്ങളുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്യരുത് എന്നതടക്കമുള്ള നിർദേശങ്ങൾ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) പരിധിയിൽ വരുന്നവയാണെന്നും അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്നും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയവും അഭിപ്രായപ്പെടുന്നു. അതേസമയം, പുതിയ നയത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾ പരിശോധിക്കുമെന്നു കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആമസോണ്, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് കന്പനികൾക്കെതിരേ നിരന്തരം പരാതികളുയർന്നതോടെയാണ് പുതിയ നിയമഭേദഗതിക്കു കേന്ദ്രസർക്കാർ തയാറായത്. നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിനു (ഇ-കൊമേഴ്സ് 2020) കൂടുതൽ അധികാരവും വ്യാപ്തിയും നല്കുന്ന പുതിയ നയത്തിൽ പരാതി പരിഹാര സമിതി സ്ഥാപിക്കൽ, വിദേശവസ്തുക്കൾക്കു പ്രത്യേക ഡിസ്പ്ലേ തുടങ്ങിയ നിർദേശങ്ങളുണ്ട്.