റിക്കാർഡ് ഇടിവിൽ രൂപ
Wednesday, June 29, 2022 12:43 AM IST
മുംബൈ: വിനിമയ വിപണിയിൽ രൂപയ്ക്കു വീണ്ടും കനത്ത നഷ്ടം. ഡോളറുമായുള്ള വിനിമയത്തിൽ ഇന്നലെ രൂപ 48 പൈസ ഇടിഞ്ഞ് 78.85 ലെത്തി. രൂപ ചരിത്രത്തിലാദ്യമായാണ് ഇത്ര താഴ്ചയിലേക്കു പതിക്കുന്നത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 78.53 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീടു വൻ തകർച്ചയിലേക്കു പോവുകയായിരുന്നു. രാജ്യത്തുനിന്നു വിദേശ നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിക്കപ്പെടുന്നതും ക്രൂഡ് ഓയിൽ വിലവർധനയുമാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്.
ക്രൂഡ് വില 1.89 ശതമാനം ഉയർന്ന് ബാരലിന് 117.26 ഡോളറിലെത്തി. അതേസമയം, ഇന്ത്യൻ ഓഹരിവിപണിയുടെ മുന്നേറ്റം ഇന്നലെയും തുടർന്നു. ബിഎസ്ഇ സെൻസെക്സ്16.17 പോയിന്റ് കയറി 53,177.45ലും എൻഎസ്ഇ നിഫ്റ്റി 18.15 പോയിന്റ് നേട്ടത്തോടെ 15,850.20ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.