ക്രിക്കറ്റ് ഡാൻസ്
Thursday, February 20, 2020 11:57 PM IST
സിഡ്നി: ഇന്നു മുതൽ ലോക ക്രിക്കറ്റിൽ വനിതകളുടെ ആനന്ദനൃത്ത ദിനങ്ങൾ. ഏഴാമത് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന് ഇന്ന് കേളികൊട്ടുണരും. ഇത്തവണത്തെ ഫേവറിറ്റുകളായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പത്ത് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ഗ്രൂപ്പ് ഘട്ടത്തിനാണ് ഇന്നു മുതൽ തുടക്കമാകുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും നാല് മത്സരങ്ങൾ വീതമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും. മാർച്ച് മൂന്നു വരെയാണ് ഗ്രൂപ്പ് ഘട്ട പോരാട്ടം. തുടർന്ന് മാർച്ച് അഞ്ചിന് സെമിയും ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ഫൈനലും നടക്കും. മെൽബണിലാണ് ഫൈനൽ.
ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവയാണ് ഫേവറിറ്റുകളുടെ പട്ടിയിലുള്ളത്. ന്യൂസിലൻഡ് കറുത്ത കുതിരകൾ ആകുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഇതിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ് എന്നിവ ഗ്രൂപ്പ് എയിൽ ആണ്.
ഇന്ത്യ x ഓസ്ട്രേലിയ
ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ സുപ്രാധികളാണ് ഓസ്ട്രേലിയയും ഇന്ത്യയും. ഗ്രൂപ്പ് എയിൽ ഇന്ന് ഏറ്റുമുട്ടുന്പോൾ ജയത്തോടെ സെമിയിലേക്കുള്ള പാത ലഘൂകരിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഹർമൻപ്രീത് കൗർ ആണ് ഇന്ത്യൻ ക്യാപ്റ്റൻ. മെഗ് ലാന്നിംഗിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.
കഴിഞ്ഞ ആറ് ട്വന്റി-20 ലോകകപ്പുകളിൽ നാല് തവണ ജേതാക്കളായ ടീമാണ് ഓസ്ട്രേലിയ. 2010, 2012, 2014, 2018 വർഷങ്ങളിലായിരുന്നു ഓസ്ട്രേലിയ കിരീടത്തിൽ മുത്തമിട്ടത്. കന്നി ലോകകപ്പ് അരങ്ങേറിയ 2009ൽ സെമി ഫൈനലിലും 2016ൽ ഫൈനലിലും ഓസ്ട്രേലിയ എത്തി. ചുരുക്കത്തിൽ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും മികച്ച ടീമാണ് ഓസ്ട്രേലിയ.
മറുവശത്ത് ഇന്ത്യയുടെ മികച്ച നേട്ടം 2009, 2010, 2018 വർഷങ്ങളിൽ സെമിയിൽ പ്രവേശിച്ചതാണ്. ഇത്തവണ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യ ഭാവിയിലേക്കുള്ള സംഘവുമായാണ് ഇറങ്ങുന്നത്. സ്മൃതി മന്ദാന, ഫാലി വർമ, പ്രിയ പൂനിയ, ജമൈമ റോഡ്രിഗസ്, ദീപ്തി ശർമ തുടങ്ങിയ ഒരു പറ്റം യുവ നിരയാണ് ഇന്ത്യയുടെ കരുത്ത്. ഇവർക്കൊപ്പം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേരുന്പോൾ ഇന്ത്യയുടെ കരുത്ത് വർധിക്കും. വനിതാ ബിഗ്ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനായി കളിച്ച പരിചയം ഹർമൻപ്രീതിനുണ്ട്.
ഓസ്ട്രേലിയയിൽവച്ച് ഇത്തവണ നടന്ന ത്രിരാഷ്ട്ര ട്വന്റി-20യിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ, ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കി. ഇംഗ്ലണ്ട് ആയിരുന്നു പരന്പരയിൽ ഉണ്ടായിരുന്ന മൂന്നാമത് ടീം.
കന്നിക്കാർ തായ്ലൻഡ്
തായ്ലൻഡ് ഏതെങ്കിലും ഒരു ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നത് ഇതാദ്യമായാണ്. ഐസിസി ലോകകപ്പിൽ തായ്ലൻഡിന്റെ കന്നിപ്രവേശനം സാധ്യമായത് വനിതാ ട്വന്റി-20 ടീമിലൂടെയാണ്. യോഗ്യതാ റൗണ്ട് കടന്നായിരുന്നു തായ്ലൻഡിന്റെ വരവ്. തായ്ലൻഡിനൊപ്പം ബംഗ്ലാദേശും യോഗ്യതാ റൗണ്ടിലൂടെയായിരുന്നു ലോകകപ്പിനെത്തിയത്.
ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥനത്തോടെ തായ്ലൻഡ് സെമിയിൽ പ്രവേശിച്ചു. സെമിയിൽ പാപുവന്യൂഗ്വിനിയയെ എട്ട് വിക്കറ്റിനു കീഴടക്കി ഫൈനലിൽ പ്രവേശിച്ചതോടെയാണ് തായ്ലൻഡ് ലോകകപ്പ് യോഗ്യത നേടിയത്. ഫൈനലിൽ എത്തുന്ന ടീമുകൾക്കാണ് യോഗ്യത. ഫൈനലിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു.