27-ാം മിനിറ്റിൽ ബോക്സിന്റെ മധ്യഭാഗത്തുനിന്നും മിലോസ് ഡ്രിൻകിച്ച് ഹെഡറിലൂടെ നടത്തിയ ഗോൾ ശ്രമവും പാഴായി. പിന്നാലെ ബംഗളൂരുവിന്റെ മുന്നേറ്റം. ബോക്സിന് അൽപ്പം അകലെനിന്ന് റോഷന്റെ കിക്ക് ഏറെ പണിപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ തട്ടിയകറ്റിയത്. 33-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ സഹായത്തോടെ ബോക്സിനു പുറത്തുനിന്ന് സകായി തൊടുത്ത ഷോട്ട് ബംഗളൂരു ഗോളി തട്ടിയകറ്റി. 41-ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സിന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇരു ടീമുകൾക്കും നേട്ടങ്ങളൊന്നുമില്ലാതെ ഒന്നാം പകുതി അവസാനിച്ചു.
ജയിക്കാനുറച്ച് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബംഗളൂരു ബോക്സിലേക്കു തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തി. ആദ്യ അഞ്ചു മിനിറ്റിനിടെ രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. തൊട്ടുപിന്നാലെ പെപ്രയുടെ ഷോട്ട് ബംഗളൂരു ഗോളി ഗുർപ്രീത് സിംഗ് ക്രോസ് ബാറിനു മുകളിലൂടെ കോർണർ വഴങ്ങി കുത്തി പുറത്തേക്കിട്ടു.
ഈ കോർണറിൽനിന്ന് നിറഞ്ഞുനിന്ന ഗാലറിയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. ലൂണ എടുത്ത കിക്ക് ബോക്സിൽ പറന്നിറങ്ങിയത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ബംഗളൂരു താരം കെസിയ വീൻഡോർഫിന്റെ കാലിൽത്തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
65-ാം മിനിറ്റിൽ ബംഗളൂരു മുന്നേറ്റത്തിൽ ബ്ലാസ്റ്റേഴ്സ് വിറച്ചെങ്കിലും സച്ചിൻ സുരേഷിന്റെയും ജീക്സണ് സിംഗിന്റെയും കരുത്തിൽ വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. 69-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകന്പനം കൊള്ളിച്ച്് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. ഗുർപ്രീത് സിംഗിന്റെ പിഴവിൽനിന്ന് അഡ്രിയാൻ ലൂണയാണ് അനായാസം ബംഗളൂരുവിന്റെ വല കുലുക്കിയത്. ജെസൽ ബാക്പാസിലൂടെ നൽകിയ പന്ത് ഗുർപ്രീത് സിംഗിന് നിയന്ത്രിക്കാനാവാതെ വന്നതോടെ പാഞ്ഞടുത്ത ലൂണ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് തട്ടിക്കയറ്റുകയായിരുന്നു.
ഏകപക്ഷീയ വിജയം ബ്ലാസ്റ്റേഴ്സ് നേടുമെന്നു കരുതിയടത്തുനിന്ന് ബംഗളൂരു ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ് താരം കർട്ടിസ് മെയ്നാണ് 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത് ബംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്. പിന്നീട് ഒരു പിഴവിനു വഴിയൊരുക്കാതെ സമയം ചെലവഴിച്ച് ബ്ലാസ്റ്റേഴ്സ് കളിപിടിച്ചു. അവസാന സെക്കൻഡിൽ അവർ നടത്തിയ നീക്കം സച്ചിൻ സുരേഷ് കുത്തിയകറ്റിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ജയം പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ജംഷഡ്പൂരിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വി.ആർ. ശ്രീജിത്ത്