ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Thursday, April 25, 2024 2:19 AM IST
ന്യൂഡൽഹി: അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് നാല് റൺസിന് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചു. സ്കോർ: ഡൽഹി ക്യാപ്പിറ്റൽസ് 224/4 (20). ഗുജറാത്ത് ടൈറ്റൻസ് 220/8 (20).
കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്തിനു വേണ്ടി സായ് സുദർശൻ (39 പന്തിൽ 65), ഡേവിഡ് മില്ലർ (23 പന്തിൽ 55) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. 11 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന റഷീദ് ഖാൻ അവസാന ഓവറിൽ ഗുജറാത്തിന് ജയപ്രതീക്ഷ നൽകി.
സന്ദീപും പന്തും
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ തുടക്കം സുഖകരമല്ലായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ ഡൽഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
പവർപ്ലേയിൽ മൂന്ന് ഓവറിൽ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ സന്ദീപ് വാര്യറിന്റെ ബൗളിംഗായിരുന്നു ഡൽഹിയെ കുഴപ്പത്തിലാക്കിയത്. എന്നാൽ, നാലാം വിക്കറ്റിൽ റിക്കാർഡ് കൂട്ടുകെട്ടുമായി അക്സർ പട്ടേലും ക്യാപ്റ്റൻ ഋഷഭ് പന്തും ക്രീസിൽ ഒന്നിച്ചു.
പട്ടേൽ 43 പന്തിൽ 66ഉം പന്ത് 43 പന്തിൽ 88ഉം റണ്‍സ് നേടി. എട്ട് സിക്സും അഞ്ച് ഫോറും പറത്തിയ പന്ത് പുറത്താകാതെനിന്നു. ഏഴ് പന്തിൽ 26 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും പന്തിനൊപ്പം പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റിൽ ഇവർ 18 പന്തിൽ 67 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഋഷഭ് പന്തും അക്സർ പട്ടേലും 68 പന്തിൽ നേടിയ 113 റണ്‍സ്. പൃഥ്വി ഷാ (11), ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), ഷായ് ഹോപ്പ് (5) എന്നിവരെയാണ് സന്ദീപ് വാര്യർ പുറത്താക്കിയത്. അക്സർ പട്ടേലിന്റെ വിക്കറ്റ് നൂർ അഹമ്മദിനായിരുന്നു.