ബൈ ബൈ ശ്രീ... പാരീസ് ഒളിന്പിക്സോടെ ഹോക്കിയിൽനിന്നു വിരമിക്കുകയാണെന്ന് ശ്രീജേഷ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഒളിന്പിക് വെങ്കലമെഡൽ നേട്ടത്തോടെ കരിയർ അവസാനിപ്പിക്കാൻ ഈ മലയാളി ഇതിഹാസത്തിനു സാധിച്ചെന്നത് അഭിമാനമായി. തുടർച്ചയായി രണ്ട് ഒളിന്പിക് മെഡൽ ശ്രീജേഷ് കഴുത്തിലണിഞ്ഞു. ഇതോടെ രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളിയുമായി മുപ്പത്താറുകാരനായ ശ്രീജേഷ്.
2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ വെങ്കലം നേടിയതും ശ്രീജേഷിന്റെ ഗോൾവല കാക്കൽ മികവിലൂടെയായിരുന്നു. മാനുവൽ ഫ്രെഡറിക് മാത്രമാണ് ഒളിന്പിക് മെഡലുള്ള മറ്റൊരു മലയാളി. 1972 മ്യൂണിക് ഒളിന്പിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്.