ഡല്‍ഹി ക്യാപ്പിറ്റല്‍സിനു എട്ടു വിക്കറ്റ് ജയം
Wednesday, April 23, 2025 12:59 AM IST
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 2025 സീസണിലെ ആറാം ജയം. എവേ പോരാട്ടത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെ എട്ട് വിക്കറ്റിനു ഡല്‍ഹി ക്യാപ്പിറ്റല്‍സ് തകര്‍ത്തു.
മൂന്നു ബൗള്‍ഡും ഒരു റിട്ടേണ്‍ ക്യാച്ചും അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും അര്‍ധസെഞ്ചുറിയുമായി പ്രത്യാക്രമണം നയിച്ച കെ.എല്‍. രാഹുല്‍ (57 നോട്ടൗട്ട്), അഭിഷേക് പോറല്‍ (51) എന്നിവരുമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ജയത്തിലെത്തിച്ചു. മുകേഷ് കുമാറാണ് പ്ലെയർ ഓഫ് ദ മാച്ച്.
രാഹുല്‍ അതിവേഗം 5000
160 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിനായി ക്രീസില്‍ എത്തിയ ഡല്‍ഹി ക്യാപ്പിറ്റല്സിനുവേണ്ടി കരുണ്‍ നായര്‍ (ഒമ്പത് പന്തില്‍ 15) വെടിക്കെട്ട് തുടക്കം കുറിച്ചു. എന്നാല്‍, സ്കോര്‍ 3.4 ഓവറില്‍ 36ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്ത്.
രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലും (42 പന്തില്‍ 57 നോട്ടൗട്ട്) അഭിഷേക് പോറലും (36 പന്തില്‍ 51) ചേര്‍ന്ന് 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പോറല്‍ പുറത്തായതോടെ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ക്രീസില്‍. 20 പന്തില്‍ 34 റണ്‍സുമായി അക്സര്‍ പട്ടേല്‍ രാഹുലിന് ഒപ്പം ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.
ഇന്നിംഗ്സിനിടെ ഐപിഎല്ലില്‍ അതിവേഗത്തില്‍ 5000 റണ്‍സ് എന്ന റിക്കാര്‍ഡും രാഹുല്‍ കുറിച്ചു. 130 ഇന്നിംഗ്സില്‍ നിന്നാണ് രാഹുല്‍ ഈ നേട്ടത്തില്‍ എത്തിയത്. ഡേവിഡ് വാര്‍ണറിന്റെ (135 ഇന്നിംഗ്സ്) റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.
തുടക്കം മാക്രം
ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അക്സറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലക്നോ സൂപ്പര്‍ ജയന്റ്സ് ഓപ്പണര്‍മാരായ എയ്ഡന്‍ മാക്രവും മിച്ചല്‍ മാര്‍ഷും തകര്‍ത്തടിച്ചു. 10 ഓവറില്‍ 87 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എത്തിച്ചശേഷമാണ് ഇവര്‍ പിരിഞ്ഞത്.
എയ്ഡന്‍ മാക്രമായിരുന്നു ലക്നോയുടെ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. നേരിട്ട 30-ാം പന്തില്‍ മാക്രം അര്‍ധസെഞ്ചുറിയില്‍ എത്തി. 10-ാം ഓവറിന്റെ അവസാന പന്തില്‍ മാക്രം പുറത്ത്. ദുഷ്മന്ത ചമീരയ്ക്കായിരുന്നു വിക്കറ്റ്. 33 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്സും അടക്കം 52 റണ്‍സുമായാണ് മാക്രം മടങ്ങിയത്.
മുകേഷ് ഡബിള്‍
12-ാം ഓവറിന്റെ രണ്ടാം പന്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് നിക്കോളാസ് പുരാനെ മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. എഡ്ജായി പന്ത് വിക്കറ്റില്‍ പതിക്കുകയായിരുന്നു. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സുമായി പുരാന് മടങ്ങി.
14-ാം ഓവറില്‍ മുകേഷ് കുമാര്‍ ലക്നോയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഓവറിലെ രണ്ടാം പന്തില്‍ അബ്ദുള്‍ സമദിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മുകേഷ് കുമാര്‍ മടക്കി. അവസാന പന്തില്‍ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റും തെറിപ്പിച്ചു. 36 പന്തില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 45 റണ്‍സ് നേടിയ മാര്‍ഷിന്റെ പുറത്താകല്‍ ലക്നോയെ തളർത്തി. ഐപിഎല്ലില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലില്‍ മാര്‍ഷ് ഇന്നലെ എത്തി.
അവസാന ഓവറുകളില്‍ ആയുഷ് ബഡോണി (21 പന്തില്‍ 36) നടത്തിയ ആക്രമണമാണ് ലക്നോയെ പൊരുതാനുള്ള സ്കോറില്‍ എത്തിച്ചത്. മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ഡായി ബഡോണിയും പുറത്തായി. ഇന്നിംഗ്സിലെ അവസാന പന്തില്‍ ഋഷഭ് പന്തിനെയും (0) ബൗള്‍ഡാക്കി മുകേഷ് കുമാര്‍ നാലു വിക്കറ്റ് (4/33) തികച്ചു.