പാക്കിസ്ഥാൻ സൂപ്പർ ലീഗ് യുഎഇയിൽ?
Friday, May 9, 2025 11:50 PM IST
കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ 2025 സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയതായി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും യുഎഇയിൽ നടക്കും.
മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂളും തീയതിയും വേദികളും പിന്നീട് അറിയിക്കുമെന്നും പിസിബി വ്യക്തമാക്കി. ഇന്ത്യ-പാക് അതിർത്തിയിലെ വ്യോമാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പിസിബിയുടെ ഈ നീക്കം. വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വിദേശ താരങ്ങൾ പാക്കിസ്ഥാനിൽനിന്നു മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അന്തിമ തീരുമാനം ആയില്ല
അതേസമയം, അപ്രതീക്ഷിത തീരുമാനമായതിനാൽ യുഎഇയിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ഇനിയുള്ള മത്സരങ്ങളുടെ വേദിയും മത്സരക്രമവും തീരുമാനിക്കും. പാക്കിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരേ ഡ്രോണ്‍ ആക്രമണം നടന്നതോടെ പെഷവാർ സൽമിയും കറാച്ചി കിംഗ്സും മത്സരം റദ്ദാക്കിയിരുന്നു.
പാക് ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനത്തോട് യുഎഇ അനുകൂല പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. ഐപിഎൽ യുഎഇയിലേക്ക് എത്തുമോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിനുശേഷമേ പാക് സൂപ്പർ ലീഗിനു പച്ചക്കൊടി ലഭിക്കൂ എന്നും റിപ്പോർട്ടുണ്ട്.