സൂപ്പര്‍ ഫാസ്റ്റ് സ്മൃതി
Thursday, September 18, 2025 1:39 AM IST
മൊഹാലി: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ മിന്നും സെഞ്ചുറി. ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ 77 പന്തില്‍ സ്മൃതി സെഞ്ചുറി തികച്ചു.
ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ അതിവേഗ സെഞ്ചുറിയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്നിംഗ്സ്. ഈ വര്‍ഷം അയര്‍ലന്‍ഡിന് എതിരേ 70 പന്തില്‍ സെഞ്ചുറി നേടിയ സ്മൃതിയുടെ പേരിലാണ് റിക്കാര്‍ഡ്. മത്സരത്തില്‍ 91 പന്തില്‍ സ്മൃതി 117 റണ്‍സ് നേടി.
ഇന്ത്യന്‍ ഇന്നിംഗ്സ് 49.5 ഓവറില്‍ 292ല്‍ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 40.5 ഓവറില്‍ 190ന് പുറത്ത്. ഇന്ത്യക്ക് 102 റണ്‍സ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര 1-1 സമനിലയില്‍ എത്തി. സ്മൃതി മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
റിക്കാര്‍ഡ് പലത്
സ്മൃതിയുടെ 12-ാം ഏകദിന സെഞ്ചുറിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സ്വന്തം റിക്കാര്‍ഡും ഇതോടെ സ്മൃതി പുതുക്കി. മാത്രമല്ല, വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഓപ്പണര്‍ എന്ന റിക്കാര്‍ഡില്‍ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സിന് ഒപ്പവും സ്മൃതി എത്തി.
വനിതാ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിന് (12 സെഞ്ചുറി) ഒപ്പമാണ് സ്മൃതി. ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സ് (13) എന്നിവരാണ് പട്ടികയില്‍ സ്മൃതിക്കു മുന്നിലുള്ളത്.