ലോസ് ബ്ലാങ്കോസ് @ 200
Thursday, September 18, 2025 1:39 AM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ലോസ് ബ്ലാങ്കോസ് (ദ വൈറ്റ്സ്) എന്നറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ 2-1ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോല്‍പ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി.
ഒരു ഗോളിനു പിന്നിലാകുകയും അവസാന 18 മിനിറ്റ് 10 പേരായി ചുരുങ്ങുകയും ചെയ്തെങ്കിലും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ മുട്ടുമടക്കിയില്ല. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ (28’, 81’) ഇരട്ട പെനാല്‍റ്റി ഗോളാണ് റയല്‍ മാഡ്രിഡിനു ജയം സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ തിമോത്തി വേഗിന്റെ ഗോളിലൂടെ മാഴ്സെ ലീഡ് നേടി.
1990ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ പോരാട്ടം പരിഷ്കരിച്ചശേഷം 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് റയല്‍ മാഡ്രിഡ്. ഇക്കാലത്തിനിടെ 700 ഗോളും ലോസ് ബ്ലാങ്കോസ് സ്വന്തമാക്കി. റയല്‍ മാഡ്രിഡിനായി കിലിയന്‍ എംബപ്പെ 50 ഗോള്‍ എന്ന നാഴികക്കല്ലിലെത്തിയെന്നതും ശ്രദ്ധേയം. 64 മത്സരങ്ങളില്‍നിന്നാണ് ഫ്രഞ്ച് താരം 50 ഗോള്‍ പൂര്‍ത്തിയാക്കിയത്.
പീരങ്കി മുഴക്കം; 2-0
സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ പീരങ്കി മുഴക്കം. പീരങ്കിപ്പടയെന്ന വിശേഷണമുള്ള ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എവേ പോരാട്ടത്തില്‍ സ്പെയിനില്‍നിന്നുള്ള അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (72’), ലിയാന്‍ഡ്രൊ ടൗസാര്ഡ് (87’) എന്നിവര്‍ നേടിയ ഗോളുകളിലൂടെ 2-0നായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
പകരക്കാരുടെ ബെഞ്ചില്‍നിന്ന് കളത്തിലെത്തി 36-ാം സെക്കന്‍ഡിലായിരുന്നു മാര്‍ട്ടിനെല്ലിയുടെ ഗോള്‍. ലിയാന്‍ഡ്രൊ ടൗസാര്ഡായിരുന്നു അസിസ്റ്റ് ചെയ്തത്. ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണലിന്റെ അതിവേഗ സബ്സ്റ്റിറ്റ്യൂട്ട് ഗോള്‍ എന്ന റിക്കാര്‍ഡ് ഇതോടെ കുറിക്കപ്പെട്ടു. 65-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ ടൗസാര്ഡിന്റെ ഗോളിനു വഴിയൊരുക്കിയത് മാര്‍ട്ടിനെല്ലിയായിരുന്നു.
ടോട്ടന്‍ഹാം, യുവന്റസ്
ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ ഹോം ഗ്രൗണ്ടില്‍വച്ച് 1-0ന് സ്പാനിഷ് ടീമായ വിയ്യാറയലിനെ തോല്‍പ്പിച്ചു. ലൂയിസ് ജൂണിയറിന്റെ (4’) സെല്‍ഫ് ഗോളിലായിരുന്നു ടോട്ടന്‍ഹാമിന്റെ ജയം.
എട്ടു ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസും ജര്‍മന്‍ സംഘമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സമനിലയില്‍ പിരിഞ്ഞു; 4-4.
ഗില്ലോസ്, ഖരാബാഗ് ചരിത്രം
ലിസ്ബണ്‍/ഐന്തോവന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ ചരിത്ര തുടക്കം കുറിച്ച് ബെല്‍ജിയം ക്ലബ് യൂണിയന് സെന്റ് ഗില്ലോസും അസര്ബൈജാന് ടീമായ എഫ്കെ ഖരാബാഗും. പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫികയ്ക്ക് എതിരായ എവേ പോരാട്ടത്തില്‍ ഖരാബാഗ് 3-2ന്റെ ജയം സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഖരാബാഗിന്റെ കന്നിജയമാണ്. 2-0നു പിന്നില്‍നിന്നശേഷമായിരുന്നു ഖരാബാഗിന്റെ ജയം.
90 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2024-25 സീസണ് ബെല്‍ജിയം പ്രൊ ലീഗ് ചാമ്പ്യന്മാരായാണ് യൂണിയന് സെന്റ് ഗില്ലോസ് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ ഗില്ലോസ് 3-1ന് നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പിഎസ്വി ഐന്തോവനെ കീഴടക്കി തങ്ങളുടെ വരവ് അറിയിച്ചു.