വില കുറയ്ക്കുന്ന തന്ത്രം ഹോം കെയർ വിഭാഗത്തിലും വ്യക്തിഗത, ഹോം കെയർ വിഭാഗത്തിലും വിലകുറയ്ക്കൽ തന്ത്രം പയറ്റാൻ റിലയൻസ്. റിലയൻ ലക്ഷ്യംവയ്ക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, നെസ്ലെ തുടങ്ങിയ ബ്രാൻഡുകളെയാണ്. ഉത്പന്നങ്ങൾ 30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് റിലയൻസ് വാഗ്ദാനം ചെയ്യുന്നു.
ജിയോ മാർട്ടിലൂടെയാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുക. ഫാസ്റ്റ് മൂവിംഗ് കണ്സ്യൂമർ ഗുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ, വ്യക്തിഗത പരിചരണം, ഹോം കെയർ സ്പേസ് എന്നീ വിഭാഗങ്ങളിലാണ് വിലക്കുറവ് ലഭിക്കുക.
നിലവിൽ ഈ മേഖല ഭരിക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവറാണ് (എച്ച്യുഎൽ). രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സോപ്പും ഡിഷ് ബാർ ബ്രാൻഡുകളും എച്ച് യുഎലിനു സ്വന്തമാണ്. എച്ച് യുഎലിന്റെ ലക്സ്, ഡോവ്, പിയേഴ്സ്, ലൈഫ്ബോയ് എന്നിവ സൗന്ദര്യ സോപ്പ് വിപണിയിൽ ആധിപത്യം പുലർത്തുന്നു. ഡിഷ് വാഷർ രംഗത്ത് വിം ബാറും ഒന്നാമതാണ്.
ഇവിടേയ്ക്കാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തുന്നത്. റിലയൻസ് തങ്ങളുടെ ഉത്പന്നങ്ങളായ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വിലയിട്ടിരിക്കുന്നത്. വിപണിയിൽ ഇവയോട് മത്സരിക്കുന്ന ലക്സ് സോപ്പിന്റെ വില 100 ഗ്രാമിന് 35 രൂപയും ഡെറ്റോൾ സോപ്പിന് 75 ഗ്രാമിന് 40 രൂപയും സന്തൂർ സോപ്പിന് 100 ഗ്രാമിന് 34 രൂപയുമാണ് വില.
ഹോ കെയർ വിഭാഗത്തിലും വിലകുറച്ച് ഉത്പന്നങ്ങൾ റിലയൻസ് മാർക്കറ്റിലെത്തിക്കും. വാഷിംഗ് മെഷിനിൽ ഉപയോഗിക്കുന്ന സർഫ് എക്സൽ മാറ്റിക്കിന്റെ രണ്ടു ലിറ്റർ പായ്ക്കിന് വില 325 രൂപയാണെങ്കിൽ ജിയോ മാർട്ടിൽ ലഭിക്കുന്ന ആർആർവിഎല്ലിന്റെ എൻസോ രണ്ടു ലിറ്റർ ഡിറ്റർജന്റിന്റെ വില 250 രൂപ മാത്രമാണ്.
എൻസോയുടെ സാധാരണ സോപ്പുപൊടിക്ക് ജിയോ മാർട്ടിൽ 149 രൂപയാണ് വില. ഡിഷ് വാഷ് വിഭാഗത്തിലും റിലയൻസ് മത്സരത്തിനിറങ്ങുന്നു. ഡിഷ് വാഷ് വിഭാഗത്തിൽ, 5, 10, 15 രൂപയ്ക്ക് സോപ്പുകളും 10, 30, 45 രൂപയ്ക്ക് ലിക്വിഡ് ജെൽ പായ്ക്കുകളും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്. എച്ച് യു എലിന്റെ വിം ബാർ, ജ്യോതി ലാബിന്റെ എക്സോ, പ്രിൽ എന്നിവയുമായാണ് റിലയൻസ് മത്സരിക്കുന്നത്. എൻസോ ഡിറ്റർജന്റ് ബാറുകളുടെ വില റിലയൻസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.