കോടിക്കിലുക്കം ഐപിഎൽ ഫൈനൽ കളിക്കുന്ന ടീമുകൾക്ക് 46.5 കോടി രൂപയാണ് ആകെ സമ്മാനത്തുക; വിജയിക്ക് 20 കോടിയും റണ്ണറപ്പിന് 13 കോടിയും. മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിസ് ഏഴു കോടി രൂപയും നാലാം സ്ഥാനത്തെത്തിയ ലക്നോ സൂപ്പർ ജയന്റ്സിന് 6.5 കോടി രൂപയും ലഭിക്കും.
ഏറ്റവും കൂടുതൽ റണ്‍സ് നേടി ഓറഞ്ച് ക്യാപ് നേടുന്ന കളിക്കാരനും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് നേടുന്ന കളിക്കാരനും 15 ലക്ഷവും എമേർജിംഗ് പ്ലെയർക്ക് 20 ലക്ഷവും ഏറ്റവും മൂല്യമുള്ള കളിക്കാരന് 12 ലക്ഷവുമാണു സമ്മാനത്തുക. പവർ പ്ലെയർ ഓഫ് ദി സീസണ്, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസണ് എന്നിവർക്ക് യഥാക്രമം 15 ലക്ഷം രൂപയും 12 ലക്ഷം രൂപയും ലഭിക്കും.
അതേസമയം, ഐപിഎൽ-ഡബ്ല്യുപിഎൽ മീഡിയ റൈറ്റ്സ്, രണ്ട് ഐപിഎൽ-അഞ്ച് ഡബ്ള്യുപിഎൽ ടീമുകളുടെ വിൽപ്പന എന്നിവയിലൂടെ സീസണിൽ 66,000 കോടി രൂപ ബിസിസിഐ പോക്കറ്റിലാക്കിയിട്ടുണ്ട്.
ഗില്ലാടിവീര്യം ഐപിഎൽ സീസണിലെ റണ്‍വേട്ടക്കാരിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലാണു മുന്നിൽ; 16 കളികളിൽ 851 റണ്‍സ്. മൂന്നു സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസാണു രണ്ടാമത് (730 റണ്‍സ്).
ആർസിബിയുടെ തന്നെ വിരാട് കോഹ്ലി 639 റണ്‍സ് നേടി മൂന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ (625), ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡെവോണ്‍ കോണ്‍വേ (625) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
വിക്കറ്റ് വേട്ടയിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആധിപത്യമാണ്. 28 വിക്കറ്റുമായി മുഹമ്മദ് ഷമി, 27 വിക്കറ്റുമായി റഷീദ് ഖാൻ, 24 വിക്കറ്റ് നേടി മോഹിത് ശർമ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
22 വിക്കറ്റുമായി മുംബൈ താരം പിയൂഷ് ചൗള നാലാമതും 21 വിക്കറ്റുമായി രാജസ്ഥാൻ റോയൽസിന്റെ യുസ്വേന്ദ്ര ചാഹൽ അഞ്ചാമതും നിൽക്കുന്നു.
സമാസമം അഹമ്മദാബാദിൽ 26 ഐപിഎൽ മത്സരങ്ങളാണ് നടന്നത്. 13 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമും 13 കളികളിൽ രണ്ടാമതു ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ഗുജറാത്ത് മുംബൈക്കെതിരേ നേടിയ 233 റണ്‍സാണു വേദിയിലെ ഉയർന്ന സ്കോർ. 2014ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാൻ റോയൽസ് 104 റണ്‍സിനു പുറത്തായതാണു കുറഞ്ഞ സ്കോർ.
വർണശബളം ഫൈനലിനു മുന്‍പ് വൻ താരനിര ഉൾപ്പെടുന്ന കലാപരിപാടികളാണു നടക്കുക. പ്രശസ്ത റാപ്പറും ഡിജെയുമായ ന്യൂക്ലിയ, ഗായകരായ ഡിവൈൻ, ജോനിത ഗാന്ധി, ബോളിവുഡ് നടൻ രണ്‍വീർ സിംഗ്, എ.ആർ. റഹ്മാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പരിപാടി അവതരിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. വൈകുന്നേരം ആറിനുശേഷമാകും പരിപാടികൾ
ആരംഭിക്കുക.