അക്സർ പട്ടേലാണു മറ്റൊരു സാധ്യത. ജഡേജയുടേതിന് സമാനമാണു പട്ടേലിന്റെ സ്ഥിതിയും. അതുകൊണ്ടുതന്നെ 3-2 കോന്പിനേഷൻ പരീക്ഷിച്ചാൽ രണ്ടാം സ്പിന്നറായി ആര് ഇടംപിടിക്കുമെന്നതു ചോദ്യചിഹ്നം!
ഈ വർഷം അശ്വിനും ജഡേജയും നാലു ടെസ്റ്റുകളിലാണു കളിച്ചത്. ഇവർ യഥാക്രമം 22, 25 എന്നിങ്ങനെ വിക്കറ്റും വീഴ്ത്തി. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു ഈ നാലു ടെസ്റ്റുകളും. അതേസമയം, ബാറ്റിംഗിൽ ഈ വർഷം 88 റണ്‍ ശരാശരിയിൽ, മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 264 റണ്‍സ് നേടിയ പട്ടേലിന്റെ ബാറ്റിംഗ് പ്രകടനം മാനേജ്മെന്റിനെ കണ്‍ഫ്യൂഷനിലാക്കും.
മൂന്നാം പേസർ? പേസ് ഡിപ്പാർട്ട്മെന്റിലും കണ്‍ഫ്യൂഷനാണ്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പ്ലെയിംഗ് ഇലവനിൽ ഏറെക്കുറെ ഉറപ്പാണ്. ആരാകും മൂന്നാം പേസർ? ഷാർദുർ ഠാക്കുർ, ഉമേഷ് യാദവ്, ജയദേവ് ഉനാദ്ഘട്ട് എന്നിവരാണു സാധ്യതകൾ.
കഴിഞ്ഞ ദിവസം ഠാക്കുറും ഉനാദ്ഘട്ടും ബാറ്റിംഗും ബൗളിംഗും പരിശീലിച്ചപ്പോൾ ഉമേഷ് ബൗളിംഗിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. പേസ്, റിവേഴ്സ് സ്വിംഗ് എന്നിവയൊക്കെ ആവനാഴിയിലുള്ള ഉമേഷിനെ പരിക്ക് വലയ്ക്കുന്നുണ്ട്. ഇടംകൈയൻ ആനുകൂല്യത്തിന്റെ പേരിൽ ഉനാദ്ഘട്ട് ടീമിൽ ഇടംപിടിച്ചാലും അദ്ഭുതപ്പെടാനില്ല. 4-1 കോന്പിനേഷനാണു പരീക്ഷിക്കുന്നതെങ്കിൽ പേസിലെ രണ്ടു സ്ഥാനങ്ങളിലേക്കു കടുത്ത പോരാട്ടം നടക്കും.
ഏറ്റവും അവസാനമായി ഇന്ത്യ ടെസ്റ്റ് പരന്പരയിൽ കളിച്ചതു ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരേയായിരുന്നു. നാട്ടിൽ നടന്ന പരന്പരയിൽ ഓസീസിനെ 2-1ന് തകർത്ത് ഇന്ത്യ ട്രോഫി നിലനിർത്തി. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നീ മൂന്നു പ്രധാനപ്പെട്ട താരങ്ങളില്ലാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
സർപ്രൈസ് കുറച്ചുകാലമായി ടെസ്റ്റ് ടീമിനു പുറത്തായിരുന്ന മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവാണു ഫൈനലിലെ സർപ്രൈസ്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്കുശേഷം അദ്ദേഹം ടെസ്റ്റിൽ കളിച്ചിട്ടില്ല. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി ഏഴു മത്സരങ്ങളിൽനിന്ന് 634 റണ്‍സ് നേടിയ രഹാനെ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായും തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചു.