ഫാ.ഡെന്നി തോമസ് നെടുംപതാലിനു മികച്ച ദേശീയ വിദ്യാഭ്യാസ പാരിസ്ഥിതിക പുരസ്കാരം
Monday, March 21, 2016 2:31 PM IST
കാഞ്ഞിരപ്പള്ളി: ഗ്ളോബല്‍ അച്ചീവേഴ്സ് ഫൌണ്േടഷന്‍, ഡല്‍ഹി ഏര്‍പ്പെടുത്തിയ മികച്ച വിദ്യാഭ്യാസ പാരിസ്ഥിതിക പ്രവര്‍ത്തകനുള്ള പുരസ്കാരം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലിന്. കുട്ടികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിനു പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം നടപ്പാക്കിയ പാരിസ്ഥിതിക പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അടുത്തിടെ അഖിലേന്ത്യാതലത്തില്‍ നടന്ന അക്കാദമിക് റെപ്യൂട്ടേഷന്‍ സര്‍വേയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഏപ്രില്‍ 30-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങും.

വിവിധതരം മരങ്ങള്‍ നട്ട് സ്കൂള്‍ പരിസരം ഹരിതാഭമാക്കിയതിനൊപ്പം ജൈവ പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ഡെന്നി നെടുംപതാലില്‍ നേതൃത്വം നല്‍കി. ക്ളീന്‍ ആനക്കല്ല് പദ്ധതിയിലൂടെ പ്രദേശത്തെ മാലിന്യമുക്തമാക്കാനും പുതിയൊരു ശുചീകരണബോധം സൃഷ്ടിക്കാനും സാധിച്ചു.

വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നടാനുള്ള വൃക്ഷത്തൈകള്‍ സ്കൂളില്‍ നിന്നു വിതരണം ചെയ്തു. ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവ് വിലപ്പെട്ടതെന്നു മനസിലാക്കിക്കൊടുക്കാന്‍ ഫോറസ്ട്രി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നേച്ചര്‍ ക്യാമ്പുകള്‍ക്കു കഴിഞ്ഞു.


ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടന്ന നേച്ചര്‍ക്യാമ്പിനോടൊപ്പം അവിടുത്തെ ആദിവാസി കുടികളില്‍ വായനശാല നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ സജീവമായി പങ്കെടുത്തു. ആയിരത്തോളം പുസ്തകങ്ങള്‍ അവര്‍ക്കു നല്‍കി. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 'വിംഗ്സ് ഓഫ് ഫയര്‍' എന്ന ഹ്രസ്വചിത്രം ഏറെ സമൂഹശ്രദ്ധ നേടുകയുണ്ടായി.

ഫ്ളവര്‍ ഫെസ്റ്, ക്രാഫ്റ്റ് ഫെസ്റ്, തിയറ്റര്‍ വര്‍ക്ക്ഷോപ്പ്, ഇന്റര്‍ സ്കൂള്‍ മത്സരങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മൊബൈല്‍ ഫോണിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ബോധവത്കരണ സെമിനാറുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ വര്‍ഷവും സ്കൂള്‍ നടപ്പാക്കുന്നത്. ഇതോടൊപ്പം കരാട്ടെ, കളരി, കുങ്ഫൂ, യോഗ, ഷൂട്ടിംഗ്, മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റ്സ് എന്നിവയും കലാ-കായിക മേഖലകളിലുള്ള പരിശീലനവും നടന്നുവരുന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...