റബർ വിപണി കടുത്ത വിലത്തകർച്ചയിലേക്ക്: ഇൻഫാം
Friday, August 26, 2016 12:25 PM IST
കോട്ടയം: അനിയന്ത്രിതവും നികുതിരഹിതവുമായ റബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തുടരുന്നപക്ഷം വരും ദിവസങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിലെ ഏറ്റവുംവലിയ വിലത്തകർച്ചയെ റബർ വിപണി നേരിടുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ.

ക്രൂഡോയിലിന്റെയും അന്താരാഷ്ട്ര റബർ വിപണിയുടേയും വിലയിടിവാണ് ആഭ്യന്തരവിപണിയുടെ തകർച്ചയുടെ കാരണമെന്നുള്ള സ്‌ഥിരം ന്യായീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. രാജ്യാന്തര കരാറുകളിലൂടെ പ്രകൃതിദത്തറബറിന്റെയും, റബറുത്പന്നങ്ങളുടെയും നികുതിരഹിത ഇറക്കുമതിക്കായി കേന്ദ്രസർക്കാർ ഇന്ത്യൻ വിപണി തുറന്നുകൊടുത്തിരിക്കുന്നത് ഇന്നത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഗാട്ട്, ആസിയാൻ കരാറുകൾക്കുശേഷം കേന്ദ്ര സർക്കാർ ഒപ്പിടാനൊരുങ്ങുന്ന 16 രാജ്യങ്ങൾ ചേർന്നുള്ള സംയോജിത സാമ്പത്തിക പങ്കാളിത്തം ഈ വർഷം ഉടമ്പടിയാകുമ്പോൾ റബർ മേഖലയിലെ തകർച്ച പൂർണമാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ വിപണികളിൽ വിറ്റഴിയുന്ന ടയറുൾപ്പെടെ റബറുത്പന്നങ്ങൾക്ക് ഉപയോഗിക്കുന്ന സ്വാഭാവിക റബറിന്റെ നിശ്ചിതശതമാനം ഇന്ത്യയിലെ കർഷകരിൽ നിന്നുതന്നെ റബർ കമ്പനികൾ സർക്കാർ പ്രഖ്യാപിക്കുന്ന അടിസ്‌ഥാന വിലയ്ക്ക് വാങ്ങിക്കണമെന്ന് ഉത്തരവിറക്കാൻ കേന്ദ്രസർക്കാർ തയാറായാൽ ഇന്നത്തെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരമാകും. ആസിയാൻ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കാർഷിക കുടിയേറ്റത്തെക്കുറിച്ചു കേരളത്തിലെ റബർ കർഷകർ ഗൗരവമായി ചിന്തിക്കണമെന്ന് വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.