നായ്ക്കളെ കൊല്ലാൻ സർക്കാർ ഇനിയും വൈകരുത്: ചിറ്റിലപ്പിള്ളി
നായ്ക്കളെ കൊല്ലാൻ സർക്കാർ ഇനിയും വൈകരുത്: ചിറ്റിലപ്പിള്ളി
Friday, August 26, 2016 12:26 PM IST
കൊച്ചി: സാധാരണ ജനജീവിതത്തിനു കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുന്ന തെരുവുനായ്ക്കളെ കൊല്ലാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു പ്രമുഖ വ്യവസായിയും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

നായ്ക്കളെ വന്ധ്യംകരിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ല. ഇതിനു തയാറാക്കിയ ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം കാര്യമായ ഫലം ചെയ്യുന്നില്ലെന്നാണ് അനുഭവം. തെരുവുനായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാർഗമില്ല. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനം നിയമം കൈയിലെടുക്കുന്ന സ്‌ഥിതിവരും.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന മൃഗങ്ങളെ കൊല്ലാമെന്നു നിയമം പറയുന്നു. കടുവ, പുലി, ആന പോലുള്ള മൃഗങ്ങളെ പോലും ഇങ്ങനെ കൊല്ലാറുമുണ്ട്. ആക്രമണകാരികളായ നായ്ക്കളെ വെടിവച്ചു കൊല്ലണമെന്നാണു തന്റെ അഭിപ്രായം. ഇതിൽ ഏർപ്പെടുന്നവർക്കു നേരിടേണ്ടിവരുന്ന നിയമനടപടി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ഏറ്റെടുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അപകടകാരികളായ തെരുവുനായ്ക്കളെ കുത്തിവച്ചു കൊല്ലാമെന്നു സർക്കാർ ഇപ്പോഴെങ്കിലും പറയുന്നതിൽ സന്തോഷമുണ്ട്.

എത്രയും വേഗം ഉത്തരവ് ഇറക്കണം. എന്നാൽ, ഡൽഹിയിലേക്കു ചെല്ലുമ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഇതിൽ ദുരൂഹതയുണ്ട്. എണ്ണായിരത്തോളം കോടി രൂപയുടെ ആന്റി റാബിസ് മരുന്നുകളാണു പ്രതിവർഷം ഇന്ത്യയിൽ വിറ്റഴിയുന്നത്. തെരുവുനായ്ക്കളെ ഇല്ലാതാക്കാനുള്ള നടപടികളെ ചെറുക്കുന്നതിനു പിന്നിൽ ഔഷധമാഫിയയുടെ കരങ്ങളുണ്ട്.


നായ്ക്കളെ കൊല്ലുന്ന ഒരാൾക്ക് ആദ്യവട്ടം പോലീസ് സ്റ്റേഷനിൽ പോയി ജാമ്യമെടുക്കുകയും കോടതിയിൽ പോയി 50 രൂപ പിഴ അടയ്ക്കുകയും ചെയ്താൽ മതിയെന്നാണു മനസിലാക്കുന്നത്. കേരളത്തിൽ നിലവിൽ 2.75 ലക്ഷം തെരുവുനായ്ക്കളാണുള്ളത്. ഇത്രയും ആളുകൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. ഇതിനായി ഒന്നേകാൽ കോടി രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. തെരുവു നായ്ക്കളുടെ വെല്ലുവിളി ഇത്ര വ്യാപകമായി തീർന്നിരിക്കുന്ന ഘട്ടത്തിൽ വന്ധ്യംകരണം പ്രായോഗികമല്ലെന്നു പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം ചൂണ്ടിക്കാട്ടി. അത്തരം ഘട്ടം കഴിഞ്ഞുപോയിരിക്കുന്നു. വന്ധ്യംകരിച്ചതുകൊണ്ടു നായ രോഗവാഹകനല്ലാതെ ആകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറു വർഷം മുൻപു തെരുവുനായയുടെ കടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ചെറായിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനി പത്മപ്രിയയും പിതാവ് സുധീറും തങ്ങളുടെ അനുഭവങ്ങൾ വിശദീകരിച്ചു. സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ഭാരവാഹികളായ ഡോ. ജോർജ് സ്ലീബ, ജോസ് മാവേലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.