തീരദേശ വികസനം: കെആർഎൽസിസി സമരമുഖങ്ങൾ തുറക്കും
തീരദേശ വികസനം: കെആർഎൽസിസി സമരമുഖങ്ങൾ തുറക്കും
Friday, August 26, 2016 12:26 PM IST
കൊച്ചി: തീരദേശവികസനം എന്ന മുദ്രാവാക്യമുയർത്തി സമരവും പ്രചാരണപരിപാടികളും സംഘടിപ്പിക്കാൻ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) തീരുമാനിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ഏഴു പതിറ്റാണ്ടുകൾ കഴിയുമ്പോഴും കുടിവെള്ളത്തിനും പ്രാഥമിക സൗകര്യങ്ങൾക്കുംവേണ്ടി വലയുന്ന തീരജനതയുടെ അവകാശങ്ങൾക്കു വേണ്ടിയാണു സമരമുഖങ്ങൾ തുറക്കുന്നതെന്നു കെആർഎൽസിസി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പുല്ലുവിളയിലെ സിൽവമ്മയുടെ ദാരുണമരണം തീരദേശത്തെ ജനങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്. അവികസിത മേഖലയിൽ ജീവിക്കുന്ന ജനതയുടെ പ്രതിനിധിയാണു സിൽവമ്മ. തെരുവുനായ്ക്കളുടെ ആക്രമണം മാത്രമല്ല അധികാരികളുടെ അവഗണനയുമാണ് അവരുടെ മരണത്തിനു കാരണമായത്. തീരദേശവാസികളുടെ ഭവനനിർമാണത്തിനു തടസമാകുന്ന തീരനിയന്ത്രണ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

തീരദേശ വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു ഡിസംബറിൽ ആലപ്പുഴയിൽ കാൽലക്ഷം പേരുടെ റാലിയും സമ്മേളനവും നടത്തും. അതിനു മുന്നോടിയായി കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലും ഈ വിഷയത്തിൽ വിവിധ പ്രചാരണ പരിപാടി സംഘടിപ്പിക്കും.

സംസ്‌ഥാനത്തിന്റെ ആഭ്യന്തരവരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗമായി മദ്യവിൽപനയെ കണ്ടു മദ്യനയം രൂപപ്പെടുത്തിയാൽ ശക്‌തമായ പ്രതികരണം ഉണ്ടാകും. ജനങ്ങളുടെ ക്ഷേമവും കുടുംബങ്ങളുടെ സമാധാനവും മുൻനിർത്തിയായിരിക്കണം മദ്യനയം രൂപപ്പെടുത്തേണ്ടത്. ടൂറിസത്തിന്റെ മറവിൽ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ ആവിഷ്ക്കരിക്കരുത്.


കേരളത്തിൽ വ്യാപകമായി ലഹരിവസ്തുക്കളുടെ വില്പനയും ഉപഭോഗവും വർധിക്കുന്നുവെന്നു പ്രചാരണം നടത്തി ബാറുകൾ തുറക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ അനധികൃതവില്പന തടയാനുള്ള നടപടി ശക്‌തമാക്കണം. കുറ്റവാളികളെ അറസ്റ്റ്ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം യോഗത്തിൽ അധ്യക്ഷതവഹിച്ചു. കെആർഎൽസിബിസി ജനറൽ സെക്രട്ടറി ബിഷപ് വർഗീസ് ചക്കാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റുമാരായ ഷാജി ജോർജ്, ഫാ. പ്രസാദ് തെരുവത്ത്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, സെക്രട്ടറിമാരായ ഫാ.തോമസ് തറയിൽ, തോമസ് കെ. സ്റ്റീഫൻ, എം. ചെറുപുഷ്പം, കെഎൽസിഎ സംസ്‌ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സിഎസ്എസ് ചെയർമാൻ ജോസഫ് സ്റ്റാൻലി, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഡബ്ലിയുഎ. പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, കെസിവൈഎം വൈസ് പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, എൽസിവൈഎം പ്രസിഡന്റ് സോണി പവേലിൽ, ഡിസിഎംഎസ് ട്രഷറർ ജോർജ് എസ്. പള്ളിത്തറ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.