ലാളിത്യം പ്രവൃത്തിയേക്കാൾ മനോഭാവമാകണം: ക്ലീമിസ് ബാവ
ലാളിത്യം പ്രവൃത്തിയേക്കാൾ മനോഭാവമാകണം: ക്ലീമിസ് ബാവ
Friday, August 26, 2016 12:34 PM IST
കൊടകര: ലാളിത്യം പ്രവൃത്തിയേക്കാൾ സംസ്കൃതിയും മനോഭാവവുമാകണമെന്നു സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ.

ഭൗതികസമ്പത്തല്ല, ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നതാണ് ആത്മീയ ദാരിദ്ര്യത്തിനു പരിഹാരം. ലാളിത്യം ഭക്‌തന്റെ കരുത്താണ്. ലാളിത്യത്തിന്റെ തുടർച്ചയും വളർച്ചയുമാണു പങ്കുവയ്ക്കൽ. നന്മ ചെയ്യുന്നതിലും പങ്കുവയ്ക്കുന്നതിലും ഉപേക്ഷയുണ്ടാകരുത്.

ലോകത്തിൽ പലേടത്തും ക്രൈസ്തവ സംസ്കാരം അന്യമാക്കപ്പെടുമ്പോൾ, ഭാരതത്തിലും ലോകത്തിലും പൗരസ്ത്യ സഭാപാരമ്പര്യത്തിൽ അധിഷ്ഠിതമായി വിശ്വാസസാക്ഷ്യം പകരാൻ സീറോ മലബാർ സഭ നടത്തുന്ന ശുശ്രൂഷകൾ അഭിമാനകരമാണ്. സീറോ മലബാർ സഭയുടെ മിഷൻ ചൈതന്യം എല്ലാ ക്രൈസ്തവസഭകൾക്കും മാതൃകയാണെന്നും കർദിനാൾ മാർ ക്ലീമിസ് പറഞ്ഞു.

ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസും ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ.തിയഡോർ മസ്കരാനസും സന്ദേശം നൽകി. രാവിലെ 6.20നു ഹിന്ദിയിലുള്ള ദിവ്യബലിക്ക് ഉജ്‌ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ മുഖ്യകാർമികത്വം വഹിച്ചു. ബിഷപ്പുമാരായ മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത് എന്നിവർ സഹകാർമികരായി. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകി.


സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആമുഖപ്രഭാഷണം നടത്തി. ആശയങ്ങളുടെ ധ്രുവീകരണത്തെക്കാൾ സമന്വയമാണ് സഭയ്ക്ക് ആവശ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജീവിതത്തിലെ ലാളിത്യം എന്ന വിഷയം റവ.ഡോ. ടോണി നീലങ്കാവിൽ അവതരിപ്പിച്ചു. സിസ്റ്റർ ത്രേസ്യാമ്മ, റവ.ഡോ. ജോസ് കുറിയേടത്ത്, അഡ്വ.ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു.

കുടുംബങ്ങളിലെ സാക്ഷ്യം എന്ന വിഷയം റവ.ഡോ.മാർട്ടിൻ കല്ലുങ്കൽ അവതരിപ്പിച്ചു. പ്രഫ.ലീന ജോസ്, സിസ്റ്റർ പുഷ്പ, ഫാ.ജോസ് കോട്ടയിൽ എന്നിവർ പ്രസംഗിച്ചു. പൊതുചർച്ചകളിൽ റവ.ഡോ. മൈക്കിൾ വെട്ടിക്കാട്ട്, പ്രഫ. മേരി റെജീന എന്നിവർ മോഡറേറ്റർമാരായിരുന്നു. ഗ്രൂപ്പ് ചർച്ചകൾ, റിപ്പോർട്ട് അവതരണം, സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.