ധ്രുവീകരണത്തേക്കാൾ സമന്വയം ആവശ്യം: മാർ ആലഞ്ചേരി
Friday, August 26, 2016 12:34 PM IST
കൊടകര: ആശയങ്ങളുടെ ധ്രുവീകരണത്തെക്കാൾ സമന്വയമാണു സഭയ്ക്ക് ആവശ്യമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ മഹത്വവും സഭയുടെ നന്മയുമാകണം നമ്മുടെ ലക്ഷ്യം. സ്വന്തവീക്ഷണങ്ങൾ സമർഥിക്കാനുള്ള വ്യഗ്രതയോ സ്വന്തം രൂപതയുടെയോ പ്രദേശത്തിന്റെയോ മാത്രമുള്ള നിലപാടുകളുടെ വക്‌താക്കളാകാനുള്ള പ്രേരണയോ ഉചിതമല്ല. വികാരങ്ങൾ വിചാരങ്ങളെ ഭരിക്കാൻ നാം അനുവദിക്കരുത്. എല്ലാ ഭിന്നസ്വരങ്ങളെയും അതിജീവിച്ചു കൂട്ടായ്മയുടെയും സ്നേഹത്തിന്റേതുമായ വഴിയിലൂടെയാണ് സീറോ മലബാർ സഭ മുന്നോട്ടുനീങ്ങുന്നത്. ഏറെ അഭിമാനകരമായ ഈ അവസ്‌ഥ തുടരുന്നതിനും ഇളംതലമുറയ്ക്കു നമ്മുടെ വിശ്വാസ പാരമ്പര്യം പകർന്നുകൊടുക്കാൻ കരുത്താർജിക്കുന്നതിനും അസംബ്ലി കാരണമാകണം.

ഘടനാപരമായ വളർച്ച സഭയുടെ സമ്പൂർണ വളർച്ചയ്ക്കു സഹായകരമാണ്. എന്നാൽ, അതിൽതന്നെ മഹത്വം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നാം ദൈവസ്നേഹത്തിന്റെ സാക്ഷികളാകണം; ത്യാഗപൂർവം നമ്മെത്തന്നെ മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കാൻ തയാറാവണം. നമ്മുടെ സാക്ഷ്യം മറ്റുള്ളവരെയും ക്രിസ്തുവിനെ അറിയാനും സ്നേഹിക്കാനും അവിടുത്തെ സ്വീകരിക്കാനും പ്രേരിപ്പിക്കണം.

ഈ അസംബ്ലിയിൽ ലാളിത്യം, കുടുംബം, പ്രവാസികളുടെ സാക്ഷ്യം എന്നിങ്ങനെ മൂന്നു വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നെങ്കിലും അവയിലൂടെ നമ്മുടെ സഭാസാക്ഷ്യം മുഴുവൻ വിലയിരുത്താനും പുതിയ പ്രവർത്തന ശൈലി രൂപപ്പെടുത്താനും സാധിക്കണം.

സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് സഭാഗംങ്ങൾ അവബോധമുള്ളവരാകണം. അഴിമതി, മദ്യപാനം മുതലായ തിന്മകളെ വ്യക്‌തി, സമൂഹജീവിതങ്ങളിൽ ഒഴിവാക്കാൻ നിരന്തരമായ യത്നം ഉണ്ടാകണം.

വിദ്യാഭ്യാസരംഗത്തു നാം എക്കാലവും വെല്ലുവിളികളെ നേരിട്ടാണു നീങ്ങിക്കൊണ്ടിരുന്നത്. ഇന്നും പല പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്. ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണം നമ്മുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണ്. സ്കൂൾ, കോളജ് വിദ്യാഭ്യാസ മേഖലകളിൽ മാനേജുമെന്റുകൾക്കുള്ള അവകാശങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള നടപടിക്രമം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ മുന്നോട്ടുവയ്ക്കുമ്പോൾ സഭ ജാഗ്രത പാലിക്കണം. പാവപ്പെട്ട കുട്ടികൾക്കു പഠനാവസരങ്ങൾ ഒരുക്കാൻ നമുക്കു പ്രത്യേക കടമയുണ്ട്.


അനാഥർക്കും ഭിന്നശേഷിയുള്ളവർക്കും പാതയോര മക്കൾക്കും ആകാശപ്പറവകൾക്കും വേണ്ടിയുള്ള സഭയുടെ സേവനം നാം ശക്‌തമായി തുടരണം. അവിടെയും സർക്കാർ നിയമങ്ങൾ അടുത്ത കാലത്തു വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്.

ആദിവാസി ക്ഷേമകേന്ദ്രങ്ങൾ അടിയന്തരാവശ്യമാണ്. ദളിത്–ആദിവാസി സഹോദരങ്ങൾക്കു സഭയ്ക്കുള്ളിലും ഭാരതപൗരന്മാർ എന്ന നിലയിലും എല്ലാവിധത്തിലും തുല്യ അവകാശങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടാകണം.ആതുരസേവനത്തിൽ ആശുപത്രികൾ നൂതനസമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പാവപ്പെട്ടവർക്കു സൗജന്യമോ ഇളവുകളോടുകൂടിയതോ ആയ ചികിത്സ ലഭിക്കാൻ സാഹചര്യമൊരുക്കണം.

നമ്മുടെ കർഷകജനതയുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകണം. കുടിയേറ്റ ജനതയുടെ ഭൂമിക്കു പട്ടയം, വിളവുകൾക്കു വില, ജൈവകൃഷിയുടെ പ്രചാരണം, പരിസ്‌ഥിതിസംരക്ഷണം ഇവയിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുടുംബങ്ങളിൽ, പൊതുവിൽ പറഞ്ഞാൽ, അമ്മമാരെന്ന നിലയിലും ഭാര്യമാർ എന്ന നിലയിലും പെൺമക്കൾ എന്ന നിലയിലും സ്ത്രീകളെ നാം വളരെയേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യമാണുള്ളത്. അതു നാം നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. നമ്മുടെ ആലോചനാസമിതികളിൽ അമ്പതു ശതമാനം സംവരണം സ്ത്രീകൾക്കു നാം നല്കിയിട്ടുണ്ട്.

എന്നാൽ, സ്ത്രീകൾക്ക് ഇന്നും തുല്യതാ മനോഭാവത്തിൽ വർത്തിക്കുവാൻ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. സീറോ മലബാർ സഭ ഭാരതത്തിലെ മറ്റു രണ്ടു വ്യക്‌തിസഭകളോടും ചേർന്നു നല്കിയിട്ടുള്ള സംഭാവനകൾ വലുതാണെന്നും ഭാരതത്തിലെ സഭയുടെ മിഷൻപ്രവർത്തനത്തിൽ വൈദികരും സമർപ്പിതരും അല്മായ പ്രേഷിതരും വഹിച്ചിട്ടുള്ള പങ്കു മഹത്തരമാണെന്നും കർദിനാൾ മാർ ആലഞ്ചേരി അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.