സർക്കാർ ഓഫീസുകളിൽ ഓണക്കച്ചവടം അനുവദിക്കില്ല: മുഖ്യമന്ത്രി
സർക്കാർ ഓഫീസുകളിൽ ഓണക്കച്ചവടം അനുവദിക്കില്ല: മുഖ്യമന്ത്രി
Friday, August 26, 2016 12:34 PM IST
തിരുവനന്തപുരം: ഓണത്തിന്റെ പേരു പറഞ്ഞു സർക്കാർ ഓഫീസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഓണക്കച്ചവടം അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസ് സമയങ്ങളിൽ ഉദ്യോഗസ്‌ഥർ സാധനം വാങ്ങുന്നതിനായി ഇത്തരം ചന്തകളിൽ പോകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്‌ഥർക്കു സാധനം വാങ്ങാൻ ധാരാളം സമയം അല്ലാതെ തന്നെ ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ ഓഫീസ് സമയത്തു പൂക്കളം ഒരുക്കി സർക്കാർ ഓഫീസുകളിൽ ഓണാഘോഷം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു ഓണം–ബക്രീദ് മെട്രോ ഫെയർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവർക്കെതിരെ സർക്കാർ കർശനമായ നടപടിയെടുക്കും. ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു നിരീക്ഷണം നടത്തും. 1464 ഓണച്ചന്തകളും 1350 പച്ചക്കറിച്ചന്തകളും ഓണത്തിന്റെ ഭാഗമായി സർക്കാർ ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ ജനങ്ങൾക്കു ന്യായമായ വിലയിൽ ലഭിക്കാനുള്ള സംവിധാനമാണു സർക്കാർ ഒരുക്കുന്നത്. എല്ലാ ആദിവാസി കുടുംബങ്ങൾക്കും പ്രത്യേക ഓണക്കിറ്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്പന നടത്തി.


കെ.ആൻസലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. ആഷാ തോമസ് എന്നിവരും പങ്കെടുത്തു.

ഓണം–ബക്രീദ് പ്രമാണിച്ച് സപ്ലൈകോ മെട്രോ ഫെയർ വിലനിലവാര പട്ടിക ചുവടെ. ബ്രായ്ക്കറ്റിൽ ഓപ്പൺ മാർക്കറ്റ് വില (കിലോയ്ക്ക്). മുളക് 75 (136), മല്ലി 92 (101), ചെറുപയർ 74 (84), വൻപയർ 45 (78), ഉഴുന്ന് (തോടില്ലാത്തത്) 66 (140), കടല 43 (96), തുവരപ്പരിപ്പ് 65 (120), പഞ്ചസാര 22 (39.60), ജയ അരി 25 (32), മട്ട 24 (29.50), പച്ചരി 23 (27.80), വെളിച്ചെണ്ണ 90 (118).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.