സോളാർ: ഉമ്മൻ ചാണ്ടി നിരപരാധിയാണോയെന്ന് അന്വേഷിച്ചിട്ടില്ലെന്നു തങ്കച്ചൻ
Friday, August 26, 2016 12:42 PM IST
കൊച്ചി: കോന്നിയിലെ ക്വാറിയുടമ മല്ലേലിൽ ശ്രീധരൻനായർ വാദിയായ സോളാർ തട്ടിപ്പുകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിരപരാധിയാണോയെന്ന കാര്യം അന്വേഷിച്ചു ബോധ്യപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നു യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ സോളാർ കമ്മീഷനിൽ മൊഴി നൽകി.

സോളാർകേസിലെ പ്രതി സരിത എസ്. നായർക്ക് ഉമ്മൻ ചാണ്ടിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായുമുള്ള അടുത്ത ബന്ധം നേരിൽകണ്ടു ബോധ്യപ്പെട്ട ശേഷമാണു ബിസിനസ് കരാറിൽ ഏർപ്പെട്ടതും തുക നൽകിയതുമെന്നു ചൂണ്ടിക്കാട്ടി മല്ലേലിൽ ശ്രീധരൻനായർ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായി പത്രങ്ങളിൽ നിന്നറിയാം. എന്നാൽ, ഇതേക്കുറിച്ചു താൻ അന്വേഷിച്ചിട്ടില്ല. ഇടപാടിൽ ഉമ്മൻ ചാണ്ടി ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.


നിരപാധിയാണോ എന്നറിയാൻ അതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു സ്വയം ബോധ്യപ്പെടാനും ശ്രമിച്ചിട്ടില്ലെന്നു തങ്കച്ചൻ മൊഴി നൽകി. ഡൽഹിയിലെ വിജ്‌ഞാൻഭവനിൽ ദേശീയ വികസനസമിതി യോഗത്തിൽ പങ്കെടുത്ത തീയതി നിയമസഭയിൽ ഉമ്മൻ ചാണ്ടി തെറ്റായി പറഞ്ഞ കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു ലോയേഴ്സ് യൂണിയൻ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി തങ്കച്ചൻ പറഞ്ഞു.

കേരളത്തിൽ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ചു യുഡിഎഫ് കൺവീനർ ആയ താങ്കൾ കേട്ടിട്ടു പോലുമില്ലേയെന്നു കമ്മീഷൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സുഹൃത്ത് തോമസ് കുരുവിളയെ ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ മുറിയിൽ കണ്ടിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...