പറവൂർ കെ. ശാരദാമണി അന്തരിച്ചു
Wednesday, November 16, 2016 3:24 PM IST
തിരുവനന്തപുരം: കർണാടക സംഗീതജ്‌ഞരായ പറവൂർ സിസ്റ്റേഴ്സിലെ മൂത്ത സഹോദരി പറവൂർ കെ. ശാരദാമണി (94) നിര്യാതയായി. തിരുവനന്തപുരം ആകാശവാണിയിലെ (ട്രാവൻകൂർ റേഡിയോ നിലയം) ആദ്യ അനൗൺസറാണ്. ശാരദാമണിയും അന്തരിച്ച സഹോദരി കെ.രാധാമണിയുമാണു പറവൂർ സിസ്റ്റേഴ്സ് എന്ന പേരിൽ പ്രശസ്തരായിരുന്നത്. അവിവാഹിതയാണ്.

കേരളത്തിലെ പല പ്രധാന സംഭവങ്ങളും അന്നു കെ.ശാരദാമണിയുടെ ശബ്ദത്തിലൂടെയാണു ജനങ്ങൾ കേട്ടത്. റേഡിയോ നാടകങ്ങളിലും പ്രവർത്തിച്ചു. ശാരദാമണിയുടെ ഇളയ സഹോദരിയുടെ മകനാണു പിന്നണി ഗായകൻ ജി.വേണുഗോപാൽ. പരേതരായ പറവൂർ ടി.എൻ. കുമാരപിള്ളയുടെയും കൊച്ചുകുട്ടിയമ്മയുടെയും മകളാണ്. മറ്റു സഹോദരങ്ങൾ: പരേതയായ കെ.പദ്മാവതി, കെ.ബാലകൃഷ്ണപിള്ള, കെ.സരോജം (ഗവ.വിമൻസ് കോളജിലെ സംഗീതവിഭാഗം മുൻ മേധാവി) കെ.ലീല. സംസ്കാരം ഇന്നു രാവിലെ 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.