മലയോര–തീരദേശ ഹൈവേ നിർമാണം എല്ലാ ജില്ലയിലും ഒരേ സമയം ആരംഭിക്കും
Friday, January 6, 2017 4:52 PM IST
തിരുവനന്തപുരം: മലയോര– തീരദേശ ഹൈവേകളുടെ നിർമാണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും ഒരുമിച്ചു തുടങ്ങാൻ തീരുമാനം. നാറ്റ് പാക് വിശദ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് അനുസരിച്ചു കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്ന ഏപ്രിലോടെ മലയോര– തീരദേശ ഹൈവേകളുടെ നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണു സർക്കാർ പ്രതീക്ഷ.

തീരദേശ– മലയോര ഹൈവേകൾ സംബന്ധിച്ച പദ്ധതി രൂപരേഖ നാറ്റ് പാക്, സംസ്‌ഥാന പൊതുമരാമത്തു മന്ത്രി ജി. സുധാകരന് ഇന്നലെ സമർപ്പിച്ചു. വിശദ പഠന റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ് പാകിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇതോടൊപ്പം സാങ്കേതിക– സാമ്പത്തിക– പരിസ്‌ഥിതി പഠന റിപ്പോർട്ടും തയ്യാറാക്കും.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1267 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെയാണു കടന്നു പോകുന്നത്. ഇതിൽ കൂടുതൽ ഭാഗവും ഇടുക്കി ജില്ലയിലൂടെയാണു കടന്നു പോകുന്നത്. 152 കിലോമീറ്റർ ദൂരം. പാലക്കാട് 138, കാസർഗോഡ്– 133 കിലോമീറ്റർ ദൂരവും മലയോര ഹൈവേ കടന്നു പോകും. മറ്റു ജില്ലകളിലൂടെ കടന്നു പോകുന്ന ദൂരം ചുവടെ: കണ്ണൂർ– 118, വയനാട്– 100, കോഴിക്കോട്– 117, മലപ്പുറം– 108, തൃശൂർ– 65, എറണാകുളം– 119, കോട്ടയം– 23, പത്തനംതിട്ട– 50, കൊല്ലം– 63, തിരുവനന്തപുരം– 81.

12 മീറ്റർ വീതിയിലാണു മലയോര ഹൈവേ നിർമിക്കുന്നത്. ഇതിൽ ഏഴു മീറ്ററിലാകും ടാർ ചെയ്ത രണ്ടു വരിപ്പാത കടന്നു പോകുക. മറ്റു സ്‌ഥലം ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കുമായാണു നീക്കി വയ്ക്കുന്നത്. 7000 കോടി രൂപയാണു നിർമാണ ചെലവു കണക്കാക്കുന്നത്. പാലങ്ങളും ഫ്ളൈ ഓവറുകളും ഇതിന്റെ ഭാഗമായി വേണ്ടി വരും. ഇത് എത്രത്തോളം വേണ്ടി വരുമെന്നു വിശദ പഠന റിപ്പോർട്ടിൽ മാത്രമേ വ്യക്‌തമാകുകയുള്ളു. മലയോര പാതയിൽ കണ്ണൂരിലെ നന്ദാരപ്പടവിലെ അടക്കമുള്ള നേരത്തെ നിർമാണം നടന്നു വരുന്ന ഭാഗങ്ങൾ മലയോര ഹൈവേയുടെ ഭാഗമാക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലും നിലവിൽ മലയോര പാതയുടെ നിർമാണം നടന്നു വരുന്നുണ്ട്. ഈ ഭാഗങ്ങളും നിർദിഷ്‌ട മലയോര ഹൈവേയുടെ ഭാഗമായി ഉൾപ്പെടുത്തും. ഈ ഭാഗങ്ങളിലെ നിർമാണത്തിനും നിർദിഷ്‌ട ഹൈവേ നിർമാണത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തും.


652.4 കിലോമീറ്റർ നീളത്തിലുള്ള തീരദേശ ഹൈവേ ഒൻപതു ജില്ലകളിലൂടെയാണു കടന്നു പോകുന്നത്. ജില്ലകളിലൂടെ കടന്നു പോകുന്ന ദൂരം കിലോമീറ്ററിൽ ചുവടെ: തിരുവനന്തപുരം– 77.8, കൊല്ലം– 53.6, ആലപ്പുഴ– 82.7, എറണാകുളം– 62.6, തൃശൂർ– 59.9, മലപ്പുറം– 69.7, കോഴിക്കോട്– 73.5, കണ്ണൂർ– 85.5, കാസർഗോഡ്– 85.5.

അഞ്ചര മീറ്റർ മുതൽ എട്ടു മീറ്റർ വരെ വീതിയിലാണു തീരദേശ പാത നിർമിക്കുന്നത്. ചില സ്‌ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണു റോഡിനു വീതി കുറയുന്നത്. ഈ ഭാഗങ്ങളിൽ ഫ്ളൈ ഓവറുകൾ നിർമിക്കും. പാലങ്ങളും മേൽപ്പാലങ്ങളും അടക്കം 12 എണ്ണമെങ്കിലും നിർമിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ഏതാണ്ട് 5,000 കോടി രൂപയാണു നിർമാണ ചെലവായി കണക്കാക്കുന്നത്.

തീരദേശ– മലയോര ഹൈവേകളുടെ നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നതിനായി പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ചെയർമാനായി രണ്ടു സമിതികൾ രൂപീകരിച്ചു. പുതിയ കാലം, പുതിയ നിർമാണം എന്ന തത്വത്തിന്റെ അടിസ്‌ഥാനത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാകും റോഡുകളുടെ നിർമാണമെന്നു മന്ത്രി ജി. സുധാകരൻ അറിയിച്ചു. ബിറ്റുമിനൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂ വസ്ത്രം. കോൺക്രീറ്റ് തുടങ്ങിയവയും ഉപയോഗിക്കും.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...