നീതിക്കായുള്ള പ്രവർത്തനവും അജപാലനശുശ്രൂഷ: മാർ വാണിയപ്പുരയ്ക്കൽ
Friday, November 9, 2018 12:46 AM IST
കൊച്ചി: നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനവും അജപാലനശുശ്രൂഷ തന്നെയാണെന്നു സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. അഭിഭാഷകരായ വൈദികരുടെയും സമർപ്പിതരുടെയും ദേശീയ സമ്മേളനം പിഒസിയിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്തിൽ സഭയുടെ അജപാലനശുശ്രൂഷ കേവലം ഇടവക കേന്ദ്രീകൃതമായ ആത്മീയപ്രവർത്തനങ്ങൾ മാത്രമല്ല. പീഡിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണീരും രോദനവും നമുക്ക് അവഗണിക്കാനാവില്ല. അഭിഭാഷകർ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരാകണം. നീതിക്കായി കോടതിയുടെ മുന്നിലെത്താൻ സാധിക്കാത്ത സാധാരണ മനുഷ്യനു സഹായകമാകുന്ന ദേശീയതലത്തിലുള്ള ഒരു മിഷനറി നെറ്റ് വർക്കായി പ്രവർത്തിക്കാൻ അഭിഭാഷകരായ വൈദികർക്കും സമർപ്പിതർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മീഷൻ അംഗം അഡ്വ. ബിന്ദു തോമസ് മുഖ്യാതിഥിയായിരുന്നു. വൈദിക, സന്യസ്ത അഭിഭാഷക ഫോറത്തിന്റെ ദേശീയ അധ്യക്ഷൻ ഫാ. പി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കേരള ഫോറം കണ്‍വീനർ ഫാ. തോമസ് ജോസഫ് തേരകം, ദേശീയ ഉപാധ്യക്ഷ സിസ്റ്റർ ജൂലി ജോർജ്, ഫാ. സ്റ്റീഫൻ, സിസ്റ്റർ ജോയ്സി, ഫാ.സിബി പാറടിയിൽ എന്നിവർ നേതൃത്വം നൽകി. ഭാരതത്തിലെ 14 സംസ്ഥാനങ്ങളിൽനിന്നായി 75 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.