ശബരിമലയിൽ നടന്നതു മേൽമുണ്ടില്ലാത്തവരുടെ സമരം: മന്ത്രി സുധാകരൻ
Tuesday, February 12, 2019 12:06 AM IST
പത്തനംതിട്ട: ശബരിമലയിൽ നടന്നതു മേൽമുണ്ടില്ലാത്തവരുടെ സമരമെന്നു മന്ത്രി ജി. സുധാകരൻ. പത്തനംതിട്ടയിൽ വി.എസ് ചന്ദ്രശേഖരപിള്ള പഠനകേന്ദ്രം കേന്ദ്ര കേരള ബജറ്റുകളെ സംബന്ധിച്ചു നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്ത്രിയുടേതു പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമാണ്. ക്ഷേത്രം അടച്ചിട്ടുപോകുമെന്നു പറഞ്ഞതു തന്ത്രിക്കു ശരിയായ വിശ്വാസം ഇല്ലാത്തതിനാലാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സിപിഎം സ്വീകരിച്ചതാണു ശരിയായ നിലപാടെന്നും മന്ത്രി സുധാകരൻ പറഞ്ഞു.
വിശ്വാസ സംരക്ഷണമാണ് സർക്കാരിന്റെ നയം. ശബരിമലയിലും അതിനു തന്നെയാണ് ശ്രമിക്കുന്നത്. അവിടെ സമരം സംഘടിപ്പിച്ചതു ബിജെപിയുടെ അജൻഡയാണ്. അതു പൊളിഞ്ഞു. എല്ലാ ഭക്തരും ബിജെപിക്കാരല്ല. വത്സൻ തില്ലങ്കരി അയ്യപ്പനു പുറം തിരിഞ്ഞുനിന്നു പ്രസംഗിച്ചത് വിശ്വാസം സംരക്ഷിക്കാനല്ല. തന്ത്രി പണം വാങ്ങിയാണ് ഭക്തർക്ക് ദർശന സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.