കോട്ടയം: പ്രളയാനന്തര നവകേരളത്തിന്- ഖാദി മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന ഖാദി എക്സിബിഷൻ -ഖാദി എക്സ്പോ-2019, 28 മുതൽ മാർച്ച് 14 വരെ കോട്ടയം നാഗന്പടത്തുള്ള സ്പോർട്സ് കൗണ്സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഖാദി എക്സിബിഷന്റെ മുഖ്യ സംഘാടകർ ചങ്ങനാശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി-ചാസാണ്. 15 ദിവസം നീണ്ടുനിൽക്കുന്ന ഖാദി എക്സ്പോ ദിവസവും രാവിലെ 10ന് ആരംഭിച്ച് രാത്രി 8.30 ന് സമാപിക്കും. 20 സംസ്ഥാനങ്ങളിലെ ഖാദി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സിൽക്ക്-കോട്ടൻ സാരികളുടെ മേളകൾ, ചുരിദാർ, കുർത്തകൾ, ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ, കരകൗശല, ഗ്രാമീണ ഉത്പ്പന്നങ്ങൾ, ഫർണീച്ചറുകൾ, ഫാമിലി പർച്ചേസ് ആവശ്യമുള്ള സ്റ്റാളുകൾ, നാടൻ ഭക്ഷണശാലകൾ, ചെറുകിട വ്യവസായ സംരംഭകർ, ഗവണ്മെന്റ് സ്ഥാപനങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കും.
മാർച്ച് മൂന്നിനു രാത്രി 6.30ന് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഫാഷൻ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖാദി ഫാഷൻഷോ, ആറിന് രാവിലെ 10ന് വനിതാ ദിനാചരണം. സ്കൂൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്ന ദേശഭക്തിഗാനം, ചിത്രരചനാ മത്സരങ്ങൾ, കാർഷികോപകരണങ്ങളുടെ പ്രദർശനം, വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാറുകൾ, സൗജന്യ സ്കിൽ ഡെവലപ്മെന്റ് പരിപാടികൾ, ഫലവൃക്ഷതൈകളുടേയും അലങ്കാരചെടികളുടേയും പ്രദർശനം, തേൻ-തേനുത്പ്പന്നങ്ങൾ, ചന്ദന ഉത്പ്പന്നങ്ങൾ, നാടൻ പഞ്ഞിമെത്തകൾ തുടങ്ങിയ നിരവധി സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റാളുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ 9446860737 നന്പറിൽ ഉടൻ ബന്ധപ്പെടണം. ഖാദി എക്സ്പോയുടെ ലോഗോ പ്രകാശനം 21ന് തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസക് ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ കെ.പി. ലളിതാമണിക്ക് നല്കി നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.