സിപിഐ വയനാട് സ്ഥാനാർഥിയെ പിൻവലിക്കുകയാണ് ചെയ്യേണ്ടത്: ദേവരാജൻ
Wednesday, March 27, 2019 12:17 AM IST
പത്തനംതിട്ട: മതേതര ജനാധിപത്യ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നുവെങ്കിൽ വയനാടുനിന്നു സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണു സിപിഐ ചെയ്യേണ്ടിയിരുന്നതെന്നും ദേവരാജൻ ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജി. ദേവരാജൻ.
പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുകയെന്നതാണ് ഫോർവേഡ് ബ്ലോക്കിന്റെ നയം.
രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതു കേന്ദ്രസർക്കാർ നയമാണ്. ആത്മാഭിമാനമുള്ള കർഷകനു പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക പ്രശ്നങ്ങളോടു പുറംതിരിഞ്ഞ സമീപനമാണു നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചത്. കർഷക സമരങ്ങളെ പുച്ഛിച്ചു തള്ളിയെന്നും ദേവരാജൻ പറ ഞ്ഞു.