22ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Friday, April 19, 2019 12:35 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമായ 22 നും സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനു ശിപാർശ നൽകി.
22നു സർക്കാർ സ്ഥാപനങ്ങൾക്കു പൊതു അവധി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, പൊതു ഭരണ സെക്രട്ടറിക്കു നൽകിയ ശിപാർശയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മധ്യവേനൽ അവധിയായ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമാകും മാറ്റിവയ്ക്കേണ്ടി വരികയെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് ആക്ട് അനുസരിച്ച് 22ന് അവധി അനുവദിക്കുന്ന കാര്യത്തിലും സർക്കാരിനു തീരുമാനമെടുക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശിപാർശയിലുണ്ട്.