എൽഡിഎഫിന്റെ ആറു സിറ്റിംഗ് എംപിമാർക്കും തോൽവി
Friday, May 24, 2019 1:53 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുമുന്നണിയുടെ ആറു സിറ്റിംഗ് എംപിമാർക്കും പരാജയം. അഞ്ചു സിപിഎം അംഗവും ഒരു സിപിഎം സ്വതന്ത്രനുമാണു പരാജയപ്പെട്ടത്. ബിജെപിയുടെ കേന്ദ്രമന്ത്രിയടക്കമുള്ള രണ്ടു രാജ്യസഭാംഗങ്ങളും സംസ്ഥാനത്തു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. മത്സര രംഗത്തുണ്ടായിരുന്ന എ. സന്പത്ത് (ആറ്റിങ്ങൽ), ജോയ്സ് ജോർജ് (ഇടുക്കി), ഇന്നസെന്റ് (ചാലക്കുടി), പി.കെ. ബിജു (ആലത്തൂർ), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ശ്രീമതി (കണ്ണൂർ) എന്നിവരാണ് പരാജയപ്പെട്ടത്. ഇവരിൽ ജോയ്സ് ജോർജ് സിപിഎം സ്വതന്ത്രനും മറ്റുള്ളവർ സിപിഎമ്മുകാരുമാണ്.
കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അൽഫേൻസ് കണ്ണന്താനം എറണാകുളത്തു മൂന്നാം സ്ഥാനത്തായി. രാജ്യസഭാംഗമായ നടൻ സുരേഷ് ഗോപി തൃശൂരിൽ പരാജയപ്പെട്ടു. ഇരുവരും ബിജെപി പ്രതിനിധികളായിരുന്നു. എന്നാൽ, ഇരുവരും രാജ്യസഭാംഗങ്ങളായി തുടരും. യുഡിഎഫിന്റെ സിറ്റിംഗ് എംപിമാരിൽ ഏഴു പേർ വിജയിച്ചു.