പുത്തുമല ഉരുൾപൊട്ടൽ: ഒരു മൃതദേഹംകൂടി കണ്ടെടുത്തു
Monday, August 19, 2019 12:32 AM IST
കൽപ്പറ്റ: മേപ്പാടി പച്ചക്കാട് ഓഗസ്റ്റ് എട്ടിനു വൈകുന്നേരം ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആരുടേതാണെന്നു സ്ഥിരീകരിക്കുന്നതിനു ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും.
ഏലവയൽ ഭാഗത്തു പാറകൾക്കടിയിൽനിന്ന് ഇന്നലെ ഉച്ചയോടെയാണു രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. സെന്റിൽറോക്ക് എസ്റ്റേറ്റ് പുത്തുമല ഡിവിഷൻ തൊഴിലാളി അണ്ണയ്യന്റെ(54) മൃതദേഹമാണെന്നായിരുന്നു രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും അനുമാനം. മൃതദേഹം അണ്ണയ്യന്റേതാണെന്നു മകൻ സുനിൽകുമാർ തിരിച്ചറിഞ്ഞിരുന്നു.
പോലീസ് നടപടികൾക്കു ശേഷം മേപ്പാടി ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണു മൃതദേഹം തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗൗരിശങ്കറിന്റേതാകാൻ(26) സാധ്യതയുണ്ടെന്നു ചിലർ സംശയം പ്രകടിപ്പിച്ചത്. ഇതേത്തുടർന്നു മൃതദേഹം ശ്മശാനത്തിൽനിന്നു പുറത്തെടുത്തു പരിശോധനയ്ക്കു അയയ്ക്കുകയായിരുന്നു. പുത്തുമലയിൽനിന്നു ഇതിനകം 11 മൃതദേഹങ്ങളാണു കണ്ടെടുത്തത്. ആറു പേരെ കണ്ടെത്താനുണ്ട്.