എൽദോ ഏബ്രഹാമിനു മർദനമേറ്റ സംഭവം : എസ്ഐക്കു സസ്പെന്ഷന്
Monday, August 19, 2019 12:54 AM IST
കൊച്ചി: സിപിഐയുടെ നേതൃത്വത്തില്‍ എറണാകുളം മധ്യമേഖലാ ഡിഐജി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിനിടെ മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാം ഉൾപ്പെടെയുള്ള നേതാക്കൾക്കു മർദനമേറ്റ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസിനു സസ്പെന്ഷന്.
കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ.പി. ഫിലിപ്പാണു ഡിജിപിയുടെ നിര്‍ദേശപ്രകാരം എസ്ഐയെ സസ്പെൻഡ് ചെയ്തത്. ലാത്തിച്ചാര്‍ജ് നടത്തിയപ്പോള്‍ എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണു സസ്പെന്‍ഷനു കാരണമായി പറഞ്ഞിട്ടുള്ളത്. എല്‍ദോ ഏബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐ വിപിന്‍ദാസിനു വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മാര്‍ച്ചിനു നേതൃത്വം നല്കിയ എംഎൽഎയ്ക്കു പുറമെ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന് തുടങ്ങിയവർക്കും ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞമാസം 23നാണ് സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്.
വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്സ് കോളജിലെ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്ഐക്കാർക്കെതിരേ കേസെടുക്കാതിരിക്കുകയും പിന്നീട് എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്ത ഞാറയ്ക്കല്‍ സിഐക്കെതിരേ നടപടി ആവശ്യപ്പെട്ടാ ണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടും വകുപ്പുതല അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പ് നടപടിക്ക് നിര്‍ദേശിച്ചത്.
പോലീസ് വീഴ്ചയുടെ തെളിവ്: എല്‍ദോ
മൂവാറ്റുപുഴ: ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ് നടത്തിയ എസ്ഐ വിപിന്‍ ദാസിനെ സസ്പെൻഡ് ചെയ്തതു സ്വഗതാര്‍ഹമാണെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. പോലീസിന്റെ ഭാഗത്തു വീഴ്ചയില്ലന്നു കാണിച്ചു ഡിജിപി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, പോലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെന്നതിന്റെ തെളിവാണു സസ്പെന്ഷന് നടപടിയെന്നും എംഎല്‍എ പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ തന്റെ കൈ ഒടിഞ്ഞിട്ടും ഇല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. അതേസമയം, ഞാറയ്ക്കല്‍ സിഐയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും എല്‍ദോ പറഞ്ഞു.