കവളപ്പാറ ദുരന്തം: ആറു മൃതദേഹംകൂടി കണ്ടെടുത്തു
Monday, August 19, 2019 12:54 AM IST
എടക്കര: കവളപ്പാറ ദുരന്തത്തിൽ ഇന്നലെ ആറു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. സൂത്രത്തിൽ വിജയന്റെ ഭാര്യ വിശ്വേശ്വരി(48), കവളപ്പാറ കോളനിയിലെ ആനക്കാരൻ പാലൻ(78), പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി(15), ചീരോളി ശ്രീധരൻ(60), കോളനിയിലെ പെരകന്റെ ഭാര്യ ചീര(60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷന്റെയും മൃതദേഹങ്ങളാണു കണ്ടെത്തിയത്.
ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരന്റെ മകൻ ശിവന്റേ(43)താണെന്നു സ്ഥിരീക രിച്ചു. ഇതോടെ ദുരന്തഭൂമിയിൽനിന്നു നാൽപ്പത്തിയാറ് മൃതദേഹങ്ങൾ കണ്ടെടുക്കാനായി. ഇനിയും 13 മൃതദേഹങ്ങൾകൂടി കണ്ടെത്താനുണ്ട്.
ഇന്നലെ ഹൈദരാബാദിൽ നിന്നുള്ള നാഷണൽ ജിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ സംഘം ജിപിആർ(ഗ്രൗണ്ട് പെനിട്രേഷൻ റഡാർ) സംവിധാനമുപയോഗിച്ചു മൃതദേഹങ്ങൾക്കായി പരിശോധന നടത്തിയെങ്കിലും വിജയിച്ചില്ല. ചെളിയും വെള്ളവുമുള്ളതിനാലാണ് ജിപിആർ സംവിധാനത്തിന്റെ പ്രവർത്തനം തടസപ്പെട്ടതെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. പ്രദേശത്തു കനത്ത മഴ പെയ്തിറങ്ങിയതിനാൽ വൈകുന്നേരം നാലോടെ തെരച്ചിൽ നിർത്തിവയ്ക്കേണ്ടിവന്നു. തിങ്കളാഴ്ചയും തെരച്ചിൽ തുടരും. മന്ത്രിമാരായ ജി.സുധാകരൻ, എ.കെ.ശശീന്ദ്രൻ എന്നിവരും കാന്തപുരം എ.പി. അബൂബക്കർ മുസലിയാരും ഇന്നലെ ദുരന്തസ്ഥലം സന്ദർശിച്ചു.