യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
Tuesday, August 20, 2019 12:21 AM IST
ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കിടപ്പു മുറിയിലെ ബർത്തിൽ മരത്തടി കുറുകെ ഇട്ടശേഷം ഷാളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇതു മരണത്തിൽ സംശയമുളവാക്കുന്നതായും ഞായറാഴ്ച ഉച്ചയ്ക്കും ജോയ്സി പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ആലുവ സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് അറിയിച്ചത്.