താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു
Thursday, August 22, 2019 12:03 AM IST
കോട്ടയം: മീൻ പിടിക്കുന്നതിനായി പാടശേഖരത്തിലൂടെ വള്ളത്തിൽ പോകുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. ഷോക്കേറ്റ് വെള്ളത്തിൽ വീണ ഇദ്ദേഹത്തിന്റെ മൃതദേഹം അരമണിക്കൂറോളം തിരച്ചിൽ നടത്തിയശേഷമാണു കണ്ടെത്തിയത്. കുമരകം കണ്ണാടിച്ചാൽ ആറ്റുപുറം രഘുവരനാ(70)ണു മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറിനു കുമരകം കണ്ണാടിച്ചാൽ പാറേക്കാട്ട് പാടശേഖരത്തിലായിരുന്നു സംഭവം. തന്റെ ചെറിയ വള്ളത്തിൽ മീൻ പിടിക്കുന്നതിനായാണ് രാഘവൻ പാടത്തേക്കു പോയത്. സാധാരണയിലും അധികം താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ രാഘവന്റെ തല തട്ടുകയായിരുന്നു. ഷോക്കേറ്റ് രാഘവൻ വെള്ളത്തിൽ വീണു. വൈദ്യുതി ലൈൻ അനങ്ങിയതിനാൽ പൊട്ടിവീഴുമോയെന്ന ഭയത്താൽ ആരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ തയാറായില്ല.
നാട്ടുകാർ വിവരം പോലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. ഇവരെത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്തശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരുടെ തലയിൽ തട്ടുന്ന രീതിയിലാണു വൈദ്യുതി ലൈൻ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽനിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈദ്യുതി വകുപ്പിനെതിരേ കേസെടുക്കാനാവുമോയെന്നു പരിശോധിക്കുമെന്നു കുമരകം പോലീസ് അറിയിച്ചു.