സർക്കാരിനെതിരേ സിപിഎം സംസ്ഥാന സമിതിയിലും വിമർശനം
Thursday, August 22, 2019 1:09 AM IST
തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നില്ലെന്നും മിക്ക പാർട്ടി മന്ത്രിമാരും വഹിക്കുന്ന വകുപ്പുകളുടെ പ്രവർത്തനം പ്രതീക്ഷയ്ക്കു വിപരീതമായാണെന്നും സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പാർട്ടി തലത്തിൽ പരിശോധിക്കുമെന്നു തീരുമാനമെടുത്തിരുന്നു.
എന്നാൽ അതു നടന്നുവോയെന്നു സംസ്ഥാന സമിതിയിൽ റിപ്പോർട്ടു ചെയ്തു കണ്ടില്ല. പാർട്ടി തീരുമാനം നടപ്പിലായിരുന്നുവെങ്കിൽ സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ വിമർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റു ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ റിപ്പോർട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. സംസ്ഥാന സമിതി ഇന്നും ചേരും.