മട്ടാഞ്ചേരിയിൽ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച സിനഗോഗ് തകർന്നുവീണു
Wednesday, September 11, 2019 12:13 AM IST
മട്ടാഞ്ചേരി: മലബാറി യഹൂദന്മാരുടെ പ്രാർഥനാലയമായിരുന്ന കടവുംഭാഗം സിനഗോഗ് ശക്തമായ മഴയിൽ തകർന്നുവീണു. ജനവാസ കേന്ദ്രത്തിൽ തലയുയർത്തി നിന്നിരുന്ന 60 അടിയോളം ഉയരമുള്ള ചരിത്രസ്മാരകം ഇന്നലെ രാവിലെ 11നാണു നിലംപൊത്തിയത്. മുൻവശത്തെ പകുതിഭാഗം തകർന്നു മേൽക്കൂരയിലെ തടികളും ചെങ്കൽ കട്ടകളും റോഡിലേക്കു വീഴുകയായിരുന്നു. സമീപത്തെ വീട്ടുകാരും പലചരക്ക് വ്യാപാരിയും ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി.
മട്ടാഞ്ചേരി പോലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. സമീപവാസികളായ രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. റോഡിനു കുറുകെ കിടന്നിരുന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. പതിനാലാം നൂറ്റാണ്ടിൽ കറുത്ത യഹൂദർ പണികഴിപ്പിച്ച ദേവാലയം 1948 വരെ പ്രാർഥനാനിർഭരമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം യഹൂദർ ഇസ്രയേലിലേക്കു പലായനം ചെയ്തതോടെ സ്മാരകം അടഞ്ഞുകിടക്കുകയായിരുന്നു.
പിന്നീട് പാണ്ടികശാലയായി മാറ്റപ്പെട്ട കെട്ടിടം സ്വകാര്യവ്യക്തിയുടെ സ്വത്തായി മാറിയെങ്കിലും പ്രതിഷേധത്തെത്തുടർന്നു സർക്കാർ ഏറ്റെടുത്തു. ചെങ്കൽക്കെട്ട് മാതൃകയിൽ കുമ്മായം ചേർത്തു നിർമിച്ച കെട്ടിടം വിദേശാധിപത്യത്തിന്റെ ശേഷിപ്പായി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് നിലംപൊത്തിയത്.