ഫ്ളാറ്റുടമകൾ ഇന്നു നിരാഹാര സമരത്തിന്
Wednesday, September 11, 2019 12:13 AM IST
കൊച്ചി: വാസസ്ഥലങ്ങളിൽനിന്നു കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ മരടിലെ ഫ്ളാറ്റുടമകൾ തിരുവോണ ദിവസമായ ഇന്നു നഗരസഭാ കാര്യാലയത്തിനു മുന്നിൽ നിരാഹാര സമരം നടത്തും. നഗരസഭ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു നിരാഹാരസമര പ്രഖ്യാപനം.
തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള കോടതി ഉത്തരവ് നീതിനിഷേധമാണെന്നും ഫ്ളാറ്റ് വിട്ടു പോകില്ലെന്നും ഉടമകൾ പറഞ്ഞു. തങ്ങൾക്കു നിയമ പരിരക്ഷ നൽകാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. ഫ്ളാറ്റുകൾ പൊളിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഉടമകൾ പറയുന്നു.
ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരേ ഉടമകൾ നൽകുന്ന തിരുത്തൽ ഹർജി 20നു സുപ്രീംകോടതിയിൽ പരിഗണനയ്ക്കു വരും. നിയമവിരുദ്ധമായി നിർമിച്ചതിനാൽ കെട്ടിടങ്ങൾ പൊളിച്ചുകളയണമെന്ന ഉത്തരവിനെതിരേ അപ്പീൽ അനുവദിക്കില്ലെന്നു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഉത്തരവ് 20 നകം നടപ്പാക്കിയില്ലെങ്കിൽ 23നു സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നേരിട്ടു ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.