സാങ്കേതിക സർവകലാശാലയ്ക്ക് ഓംബുഡ്സ്മാൻ വരുന്നു
Sunday, September 15, 2019 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സർവകലാശാലയിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിക്കുന്നു. സാങ്കേതിക സർവകലാശാലയിലാണ് ഓംബുഡ്സ്മാനെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. എഐസിടിഇ നിബന്ധനപ്രകാരമാണ് ഓംബുഡ്സ്മാനെ നിയമിക്കാനുള്ള നടപടികൾ.
ഓംബുഡ്സ്മാനെ നിയമിക്കാനായുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. കോളജ് പ്രഫസറായി വിരമിച്ച ആളുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. മൂന്നു വർഷത്തേക്കാണു നിയമം. മൂന്നു വർഷത്തിനു ശേഷം നിയമനം നീട്ടിക്കൊടുക്കാനും വ്യവസ്ഥയുണ്ട്.
ഓംബുഡ്സ്മാനായി നിയമിക്കുന്ന ആൾ സർവകലാശാലയുമായോ സർവകലാശാലയ്ക്കു കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളുമായോ യാതൊരു വിധ ബന്ധവുമില്ലാത്ത ആളായിരിക്കണം. വിദ്യാർഥികളുടെ പരാതികൾക്കു പരിഹാരം കണ്ടെത്താൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഓംബുഡ്സ്മാൻമാരെ നിയോഗിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.
സാങ്കേതിക സർവകലാശാലയിൽ ഒരു പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ സെൽ മുഖേന കാര്യമായ പരാതി പരിഹാര പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നതോടെ വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ സാധിക്കും. പ്രശ്നപരിഹാര പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
മുമ്പ് സർക്കാർ നിയോഗിച്ച ഷംസുദീൻ കമ്മീഷൻ സർവകലാശാലകളിൽ ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓംബുഡ്സ്മാൻ നിയമന നടപടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്. ഈ മാസം 30 വരെയാണ് ഇതിനായി അപേക്ഷിക്കാനുള്ള അവസരം. 25 -ൽ അധികം അപേക്ഷകൾ ലഭിച്ചാൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാവും ഓംബുഡ്സ്മാനെ നിയമിക്കുക.
തോമസ് വർഗീസ്