വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്
Tuesday, September 17, 2019 11:39 PM IST
കണ്ണൂർ: വിവാഹപൂര്‍വ കൗണ്‍സലിംഗ് നിയമംമൂലം നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന് അംഗം ഇ.എം. രാധ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. കൗണ്‍സലിംഗിൽ പങ്കെടുത്തതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്ന് വ്യവസ്ഥ ചെയ്യണമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന് മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇ.എം.രാധ.
നേരത്തെ കുടുംബങ്ങളില്‍ പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ മുതിര്ന്നവരുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല. കൗണ്‍സലിംഗ് എന്ന വാക്കിനെ തെറ്റായ അര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
77 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 32 കേസുകള്‍ തീര്‍പ്പാക്കി. പോലീസുകാര്‍, അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.