വിശ്വകർമ സംഘം ഉപവാസ സമരം നടത്തി
Tuesday, September 17, 2019 11:40 PM IST
തിരുവനന്തപുരം: വിശ്വകർമജരുടെ ഉന്നമനത്തിനായി സർക്കാർ കണ്ണു തുറക്കണമെന്ന് പി.സി. ജോർജ് എംഎൽഎ. കേരള സമസ്ത വിശ്വകർമ സംഘം സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 17 വിശ്വകർമദിനം പൊതു അവധിയാക്കുക, ക്ഷേമപെൻഷൻ ഏർപ്പെടുത്തുക, പരന്പരാഗത തൊഴിൽ ചെയ്യുന്ന വിശ്വകർമജർക്ക് ഇഎസ്ഐ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം. സംസ്ഥാന പ്രസിഡന്റ് വിഷ്ണുഹരിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ മനോജ് പെരുമുള്ളൂർ, സജിതാ രത്നാകരൻ, ജനറൽ സെക്രട്ടറി രവിക്കുട്ടൻ കലാലയം, സെക്രട്ടറി ഷനോജ് കോഴിക്കോട്, ട്രഷറർ മഹേശ്വരൻ ആലപ്പുഴ എന്നിവരാണ് ഉപവാസമനുഷ്ഠിക്കുന്നത്.