"ജീവിതം മുതൽ ജീവിതം വരെ' ശ്രദ്ധേയമാകുന്നു
Tuesday, September 17, 2019 11:41 PM IST
കോട്ടയം: പാലാ കമ്യൂണിക്കേഷൻസിന്റെ പുതിയ നാടകം "ജീവിതം മുതൽ ജീവിതം വരെ' വേദിയിൽ ശ്രദ്ധേയമാകുന്നു. ചുറ്റുപാടുകളിലെ ചില ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ഈ നാടകം.
കുടുംബ ജീവിതത്തിൽ പുലർത്തേണ്ട മനോഭാവങ്ങളും കച്ചവട താത്പര്യങ്ങളും ലാഭേച്ഛയും മൂലം ജീർണിച്ച സാമൂഹ്യ വ്യവസ്ഥിതിയുമാണ് നാടകത്തിന്റെ ഇതിവൃത്തം. വളരെ പ്രതീക്ഷയോടെ പട്ടണജീവിതം ആരംഭിക്കുന്ന ഒരു കുടുംബം. പുതിയ സംരഭങ്ങളും ചുവടുവയ്പുകളും. പക്ഷേ, പതിയിരിക്കുന്ന ചതിക്കുഴികൾ. ആയുസിൽ നേടിയതെല്ലാം അടുത്ത നിമിഷം കൈവിട്ടു പോകുന്ന അവസ്ഥ. ബാലചന്ദ്രൻ എന്ന ഗൃഹനാഥന്റെ കുടുംബജീവിതത്തിലെ വിവിധ സംഘർഷങ്ങളിലൂടെയാണു നാടകം മുന്പോട്ടു പോകുന്നത്.
പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറന്പിൽ നിർമാണവും വത്സൻ നിസരി സംവിധാനവും മുഹാദ് വെന്പായം രചനയും നിർവഹിച്ചിരിക്കുന്നു.
കോട്ടയം രാജ്കുമാർ, ജോയ്സ് രാമപുരം, വെട്ടിനാട് ശ്രീകുമാർ, ബാസ്റ്റിൻ ചാക്കോ, അനന്തൻ, ഷാജി, വിജിത, പ്രിയ ബാബു തുടങ്ങിയവരാണ് വേദിയിലെത്തുന്നത്. അനിൽ മാളയാണ് ഈണം പകർന്നിരിക്കുന്നത്.